ദില്ലി : ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ഗുജറാത്തുമടക്കമുള്ള അതിർത്തി മേഖലകൾ ശാന്തമായിരുന്നു. എവിടെയും ഡ്രോൺ സാന്നിധ്യം കണ്ടതായോ സൈന്യം തിരിച്ചടിച്ചതായോ റിപ്പോർട്ടില്ല. ഇതിനിടെ പഞ്ചാബിലെ അഞ്ച് അതിർത്തി ജില്ലകളിലെ സ്കൂളുകൾ ഇന്ന് തുറക്കും. രാവിലെ മുതൽ ഉച്ച വരെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം. അമൃത്സർ, തൻ തരൺ, ഫാസിൽക, ഫിറോസ്പൂർ, പഠാൻകോട്ട് എന്നിവിടങ്ങളിലെ സ്കൂളുകളാണ് തുറക്കുന്നത്. ജമ്മുവിൽ സ്കൂളുകൾ തുറക്കാൻ വൈകും. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാനാണ് ജമ്മുവിലെ സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.
രാജ്യത്തെ അടച്ചിട്ട എല്ലാ വ്യോമപാതകളിലും വിമാനത്താവളങ്ങളിലും നാളെയോടെ സർവീസുകൾ സാധാരണ നിലയിലാകും എന്നാണ് വ്യോമയാനമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. പടിഞ്ഞാറൻ അതിർത്തിയിലെ ജില്ലകളിൽ ജനങ്ങളോട് സ്വമേധാ ബ്ലാക്ക് ഔട്ട് പിന്തുടരാനാണ് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ അടക്കം 8 മണിയോടെ ഓഫാക്കും. പുറത്തുള്ള ലൈറ്റുകൾ സ്വമേധയാ അണച്ച് അകത്ത് അത്യാവശ്യത്തിനുള്ള വിളക്കുകൾ മാത്രം ഇട്ട് സഹകരിക്കണം എന്നാണ് ജനങ്ങളോട് ജില്ലാ ഭരണകൂടം നിർദേശിക്കുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചാൽ ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശങ്ങൾ കർശനമായി പിന്തുടരണം എന്നും നിർദേശമുണ്ട്.