ടോക്കിയോ : ഇന്റര്‍നെറ്റ് യുഗത്തിലേക്കു ജപ്പാന്റെ സോണിയെ പിച്ചവപ്പിച്ച നോബുയുകി ഇഡെ (84) അന്തരിച്ചു. 1998 മുതല്‍ 2005 വരെ 7 വര്‍ഷക്കാലം ആദ്യം പ്രസിഡന്റും തുടര്‍ന്നു സിഇഒയുമായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഇലക്‌ട്രോണിക്സ് രംഗത്തെ അതികായരായ സോണി കോര്‍പറേഷന് ഡിജിറ്റല്‍, എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ് ഇടങ്ങള്‍ ഒരുക്കി ആഗോള വളര്‍ച്ച സമ്മാനിച്ചത് ഇഡെയുടെ മികവായിരുന്നു. വയോ ലാപ്ടോപ് അവതരിപ്പിച്ചത് ഇഡെയുടെ കാലത്താണ്.
എന്നാല്‍, ഇലക്‌ട്രോണിക്സ് രംഗത്തെ പുതുമാറ്റങ്ങള്‍ക്കൊത്തു പായുന്നതില്‍ ഇഡെയ്ക്ക് ചുവടുപിഴകളും സംഭവിച്ചു. പാട്ടു കേള്‍ക്കാനുള്ള വോക്ക്മാനുമായി തരംഗം സൃഷ്ടിച്ച സോണി പക്ഷേ എംപിത്രീയിലേക്കുള്ള മുന്നേറ്റത്തോടു മുഖം തിരിച്ചതുമൂലം അന്നോളമുണ്ടായിരുന്ന ആധിപത്യം ആപ്പിളിനു മുന്നില്‍ അടിയറ വയ്ക്കേണ്ടി വന്നു. ഇഡെ സ്ഥാനമൊഴിഞ്ഞ ശേഷമാണ് പ്ലേ സ്റ്റേഷന്‍ ഗെയിം രംഗത്തു സോണി വിപുല സാന്നിധ്യം ഉറപ്പിച്ചത്.
1937 നവംബര്‍ 22നു ജപ്പാനിലെ ടോക്കിയോയിലായിരുന്നു ഇഡെയുടെ ജനനം. വസെഡ യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദമെടുത്ത ശേഷം 1960ലാണു സോണി കമ്പനിയില്‍ ചേര്‍ന്നത്. തുടക്കത്തില്‍ ഓഡിയോ, വിഡിയോ വിഭാഗങ്ങളിലായിരുന്നു. കമ്പനിയുടെ രാജ്യാന്തര ഓഫിസുകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ സോണി ഫ്രാന്‍സിന് അടിത്തറയിട്ട ശേഷം 1972ല്‍ ടോക്കിയോ ആസ്ഥാനത്തു തിരിച്ചെത്തി. 1995ല്‍ സോണി പ്രസിഡന്റായി. 1999ല്‍ സിഇഒയും. സോണിയില്‍നിന്നു പടിയിറങ്ങിയ ശേഷം മാനേജ്മെന്റ് കണ്‍സല്‍റ്റന്‍സി സ്ഥാപിച്ചിരുന്നു.