എറണാകുളം : നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
രാജ്കുമാറിനെ ക്രൂരമായി പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ക്രൂരമായ മര്‍ദ്ദനമാണ് ഉണ്ടായതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. പോലീസ് ഏഴ് പേരെയാണ് പ്രതിചേര്‍ത്തത്. എന്നാല്‍ സിബിഐ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്‌ഐ സാബുവാണ് കേസിലെ ഒന്നാം പ്രതി.