തിരുവനന്തപുരം: നെടുമങ്ങാട്ടെ സിപിഎം-സിപിഐ പോരിന് ഒടുവില്‍ പരിഹാരം. ജില്ലാ നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങള്‍ വീതം വെക്കുന്നതില്‍ ധാരണയായി. മൂന്ന് ബ്ലോക്ക് പഞ്ചായത്തില്‍ അധ്യക്ഷ സ്ഥാനം, മൂന്നിടത്ത് വൈസ് പ്രസിഡന്റ് സ്ഥാനം, അഞ്ച് പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം എന്നിവ സിപിഐക്ക് നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്‍റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.
നെടുമങ്ങാട് വൈസ് ചെയര്‍മാനായി ഇന്നലെ വിജയിച്ച സി.പി.എമ്മിലെ ഹരികേശന്‍ നായര്‍ സ്ഥാനം രാജിവച്ചു. എല്‍ഡിഎഫിലെ ധാരണ ലംഘിച്ച് മത്സരിച്ച ഹരികേശന്‍ നായര്‍ വിജയിച്ചതോടെ ജില്ലാ നേതൃത്വം ഇടപെട്ട് സ്ഥാനം രാജിവയ്‌ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നഗരസഭാ സെക്രട്ടറിയ്‌ക്ക് ഹരികേശന്‍ നായര്‍ രാജികത്ത് നല്‍കി. ഈ സ്ഥാനം ഉള്‍പ്പടെ വിവിധ സ്ഥാനങ്ങള്‍ സി.പി.ഐയ്‌ക്ക് നല്‍കും.