ആലുവ: ഒരാഴ്ച മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ ഷാര്‍ജയില്‍ നിന്നെത്തിയ താജു തോമസ് എന്നയാളെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം പൈങ്ങോട്ട്പുരം പുതിയോട്ടില്‍ യാസര്‍ മനാഫ് (27) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പത്തായി.
സ്വര്‍ണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും പോലീസിന് ലഭിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടര്‍ന്ന് ആളുമാറിയാണ് താജു തോമസിനെ പിടികൂടിയതെന്നാണ് അന്വേഷണത്തില്‍ നിന്നും വെളിവാകുന്നത്.
നിരവധി കേസുകളിലെ പ്രതികളാണ് പിടികൂടിയവരിലേറെയും. ഇവര്‍ കാത്തു നിന്ന യഥാര്‍ത്ഥ ആളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതികളുടെ പൂര്‍വകാല പശ്ചാത്തലം പരിശോധിച്ച് കാപ്പ ഉള്‍പ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്ന് എസ്‌പി പറഞ്ഞു. ആലുവ ഡി.വൈ.എസ്‌പി റ്റി.എസ്.സിനോജ്, നെടുമ്പാശ്ശേരി ഇന്‍സ്‌പെക്ടര്‍ റ്റി.ശശികുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.