പത്തനംതിട്ട : ഇന്‍സുലിന്‍, ഡയാലിസിസിന് ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി വേണമെന്ന് മാത്യു ടി തോമസ് എംഎല്‍എ ആഭ്യര്‍ഥിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളും ലോക്ക്ഡൗണും തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ എംഎല്‍എമാരുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കളക്ടറേറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാത്യു ടി തോമസ് എംഎല്‍എ.
ഓശാന ഞായര്‍ ചടങ്ങില്‍ എത്ര പേര്‍ക്ക് പങ്കെടുക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണം. വിളവെത്തിയ കൈതച്ചക്ക വിപണിയില്‍ എത്തിക്കാനുള്ള നടപടിയുണ്ടാകണം. കിറ്റ് നിറയ്ക്കുന്നതിന് കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തണം. റേഷന്‍ കടകളില്‍ എത്തേണ്ട സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്ന് എത്തുന്നില്ല. റേഷന്‍ സാധനം എത്തിക്കുന്നതിന് 15 വാഹനങ്ങള്‍ ഉണ്ടാകണമെന്ന് കരാറിലുണ്ടെങ്കിലും മൂന്ന്, നാല് വാഹനങ്ങളില്‍ കൂടുതല്‍ എത്തുന്നില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കുന്നതിനായി മറ്റു വകുപ്പിന്റെ വാഹനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കണം. ഒരുമയുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ നടന്നു വരുന്നതെന്നും മാത്യു ടി. തോമസ് എംഎല്‍ എ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് എംഎല്‍എ രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ യു ജനീഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.