മലപ്പുറം: നീലഗിരി, വയനാട് മേഖലയിലെ ജനങ്ങളുടെ പേടിസ്വപ്നമായ ഒറ്റക്കൊമ്പന്‍ ശങ്കര്‍ എന്നു വിളിക്കുന്ന കാട്ടാന നിലമ്പൂര്‍ വനമേഖലയിലെത്തിയെന്ന സംശയത്തില്‍ അതീവ ജാഗ്രതയില്‍ വനംവകുപ്പ്. വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന മുണ്ടേരി ഉള്‍വന മേഖലയിലാണ് ഒറ്റക്കൊമ്പനെ കണ്ടതായി വിവരം ലഭിച്ചിരിക്കുന്നത്. മുണ്ടേരി ഉള്‍വനത്തില്‍ ഉള്ള ഇരുട്ടുകുത്തി, കുമ്പളപ്പാറ മേഖലയില്‍ ആനയെ കണ്ടുവെന്നാണ് ആദിവാസികള്‍ പറയുന്നത്.
നിബിഡ വനമേഖലയില്‍ വെച്ച് ആനയെ മയക്കുവെടി വെച്ച് പിടികൂടുക എളുപ്പമല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ആനയുണ്ടെന്ന് കരുതുന്ന ഈ മേഖലക്ക് 8 കിലോമീറ്റര്‍ അകലെയാണ് റോഡ്. രണ്ട് തവണ പുഴ കടന്ന് പോകണം. അതിന് ശേഷം കൊടുംകാടാണ്. ഡ്രോണ്‍ ഉപയോഗിച്ച് പോലും നിരീക്ഷണം നടത്താന്‍ ഇവിടെ സാധിക്കില്ല. തുറസായ സ്ഥലത്ത് വെച്ച് മാത്രമേ ഡ്രോണ്‍ ക്യാമറ വഴി ആനയെ തിരിച്ചറിയാന്‍ പറ്റൂ.
ആന മദപ്പാടില്‍ ആണെന്ന് വനം വകുപ്പ് പറയുന്നു. അക്രമാസക്തനായ നിലയിലുള്ള ആനയുടെ അടുത്ത് പോകുക എളുപ്പമല്ല. കുമ്പളപ്പാറ മേഖലയില്‍ 15 ഓളം ആദിവാസി കുടുംബങ്ങളാണ് ഉള്ളത്. ഇവരോട് ജാഗ്രത പാലിക്കാന്‍ വനംവകുപ്പ് നിര്‍ദേശം നല്‍കി. ചേരമ്പാടി ,കോട്ടമല , ഗ്ലെന്‍ റോക്ക് എസ്റ്റേറ്റ് വഴിയാണ് ഒറ്റയാന്‍ നിലമ്പൂര്‍ വനത്തിലേക്ക് പ്രവേശിച്ചതായി കരുതുന്നത്. ഗൂഡല്ലൂര്‍ ഡി എഫ് ഒ , നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയ്ക്കായി തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലെ കൊളപ്പള്ളിക്കടുത്തുള്ള പുഞ്ചക്കൊല്ലിയില്‍ വെച്ച് രണ്ടുപേരെ ആന ചവിട്ടി കൊന്നത്. തമിഴ്നാട്ടിലെ പന്തല്ലൂര്‍ താലൂക്കില്‍ ഒരാഴ്ചയ്ക്കിടെ നാലു പേരെ ആന കൊലപ്പെടുത്തിയതോടെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.