കൊല്ലം : ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് കേന്ദ്രത്തില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം. ദേഹപരിശോധനയില്‍ സംശയം തോന്നിയാല്‍ വസ്ത്രഭാഗങ്ങള്‍ നീക്കം ചെയ്യാം. പക്ഷെ അടിവസ്ത്രം പൂര്‍ണമായും നീക്കം ചെയ്യിച്ചത് തികഞ്ഞ കാടത്തമാണ്. സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ നടന്നിരുന്നു. അവിടങ്ങളിലെങ്ങും ഉയരാത്ത പരാതിയാണ് ആയൂരില്‍ നിന്നുയര്‍ന്നത്.
മറ്റ് പല കേന്ദ്രങ്ങളിലും ദേഹപരിശോനയ്ക്കിടയില്‍ വസ്ത്രങ്ങളില്‍ അനുവദനീയമല്ലാത്ത ഘടകങ്ങള്‍ കണ്ടെത്തിയപ്പോള്‍ അവ ഇളക്കി മാറ്റുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത്. പരാതി നല്‍കിയ പെണ്‍കുട്ടിക്ക് മാത്രമല്ല, അടിവസ്ത്രങ്ങള്‍ ഊരിമാറ്റപ്പെട്ട് അത്മവിശ്വാസം നഷ്ടമായ നൂറ് കണക്കിന് പെണ്‍കുട്ടികള്‍ക്ക് പരീക്ഷ നന്നായി എഴുതാന്‍ സാധിച്ചിട്ടില്ല. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും വിഷ്ണു സുനില്‍ പന്തളം പരാതിയില്‍ ആവശ്യപ്പെട്ടു.