തിരുവനന്തപുരം : ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ഒരിക്കല്‍ക്കൂടി ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു ആവശ്യപ്പെട്ടു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ. വിനീത് ജോഷിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കൊവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരുമായ പരീക്ഷാര്‍ത്ഥികള്‍ ഒട്ടേറെപ്പേര്‍ പരീക്ഷയെഴുതാനുള്ള സൗകര്യത്തെപ്പറ്റി ഉല്‍ക്കണ്ഠ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് മറ്റുള്ളവരുടെ സുരക്ഷിതത്വത്തെ ബാധിക്കാത്ത തരത്തില്‍ പരീക്ഷയെഴുതാന്‍ സാധിക്കണം. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ ഉണ്ടാവാന്‍ പരീക്ഷാകേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കണം- മന്ത്രി ആവശ്യപ്പെട്ടു.