കൊല്ലം : ആയൂരില്‍ നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണസംഘം ആയൂരിലെ കോളജിലെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പോലീസ് പറഞ്ഞു. മൂന്ന് വിദ്യാര്‍ഥിനികളാണ് ഇതുവരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ പരാതി നല്‍കിയത്.
പ്രവേശനകവാടത്തിന് തൊട്ടടുത്തുവച്ചാണ് അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയതെന്ന് അപമാനിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ മനോരമന്യൂസിനോട് പറഞ്ഞു. അടിവസ്ത്രത്തില്‍ മെറ്റല്‍ ഹുക്ക് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പരിശോധന. പരിശോധിച്ചവര്‍ അധ്യാപകരാണോ എന്നറിയില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
വനിതാകമ്മിഷന്‍ അംഗങ്ങളും കോളജിലെത്തി. കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കുട്ടികള്‍ വലിയ മാനസിക പീഡനത്തിന് ഇരയായി. വസ്ത്രമഴിച്ച് പരിശോധന നടത്തിയത് കോളജ് ജീവനക്കാരാണോ എന്നും അന്വേഷിക്കുമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.