ചെന്നൈ: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട പതിനേഴുകാരി ആത്മഹത്യ ചെയ്തു. നിലഗിരി ജില്ലയിലാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി പെണ്‍കുട്ടി ഒരു കുറിപ്പും എഴുതിവെച്ചിരുന്നു. ഇത്രനാളും സന്തോഷവതിയായി അഭിനയിക്കുകയായിരുന്നു. ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മാതാപിതാക്കാള്‍ തന്നോട് ക്ഷമിക്കണമെന്നും കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് പിന്നാലെ സെപ്റ്റംബറിലാണ് പെണ്‍കുട്ടി നീറ്റ് പരീക്ഷയെഴുതിയത്. മെഡിക്കല്‍ പരീക്ഷയില്‍ വിജയിക്കാനാവത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിഷാദാവസ്ഥയിലായിരുന്നു.
ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ തിരുപ്പൂരിലുള്ള ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു. ദീപാവലിക്ക് ആഴ്ചകള്‍ മുന്‍പ് തിരുപ്പൂരില്‍ നിന്ന് പെണ്‍കുട്ടി നീലഗിരിയിലെ വീട്ടിലെത്തിയിരുന്നു. ഡിസംബര്‍ പതിനെട്ടിന് കുറിപ്പ് എഴുതിവെച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി 23ന് മരിച്ചു. നവംബര്‍ ഏഴിന് നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. അതിന് മുമ്പേ പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് പൊള്ളാച്ചി സ്വദേശിയും ആത്മഹത്യ ചെയ്തിരുന്നു.