തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയോട് എം.എല്‍.എയും ആരോഗ്യമന്ത്രിയും കാണിക്കുന്ന കടുത്ത അവഗണന അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു. തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രഥമ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല താലൂക്കിലെ പാവപ്പെട്ടവരായ ജനങ്ങള്‍ക്കും അപ്പര്‍ കുട്ടനാട് മേഖലയില്‍ അടക്കമുള്ള തൊഴിലാളി കുടുംബങ്ങളുടെ ആശ്രയകേന്ദ്രമായ തിരുവല്ല ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ഇന്ന് അവഗണനയിലാണ്. ആയിരക്കണക്കിന് രോഗികള്‍ എത്തുന്ന തിരുവല്ല ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും രോഗികള്‍ക്ക് ആവശ്യം ആയ മരുന്നുകള്‍ നല്‍കുന്നതിലും ആരോഗ്യവകുപ്പ് പരാജയമാണ്. പേ വിഷബാധയ്ക്കുള്ള മരുന്നിന്റെ ദൗര്‍ബല്യവും രോഗികളെ വലക്കുകയാണ്.
സ്വകാര്യ ഹോസ്പിറ്റലുകളെ സഹായിക്കുന്ന രീതിയിലുള്ള നിലപാടുകളാണ് ഗവണ്‍മെന്റ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. 5 വര്‍ഷത്തോളമായി മൂന്നുനില കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ രോഗികളെ കിടത്തുന്നതിനും രോഗികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കൊടുക്കുന്നതിനും ഗവണ്‍മെന്റ് നാളിതുവരെയായി യാതൊരു നടപടികളും ചെയ്തിട്ടില്ല. യോഗത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. എന്‍. ഷൈലാജ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എബ്രഹാം കുന്നുകണ്ടത്തില്‍, അഡ്വ. സതീഷ് ചാത്തങ്കരി, ആര്‍ ജയകുമാര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അനു ജോര്‍ജ്, ക്രിസ്റ്റഫര്‍ ഫിലിപ്പ്, പ്രദീപ്കുമാര്‍, കെ പി. രഘുകുമാര്‍, സെബാസ്റ്റ്യന്‍ കാടുവെട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.