പാലാ: പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. പാലായിലെ മരിയന്‍ ആശുപത്രിയില്‍ 24 ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മേവട വാഴക്കാട്ട് അഹല്യയാണ് (26) ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം മരിച്ചത്.
ഒന്നരമാസം ഗര്‍ഭിണിയായിരുന്ന അഹല്യ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 9 നാണ് അഹല്യ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. ബ്ലീഡിംഗ് ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് പലതവണ സ്കാന്‍ ചെയ്തിട്ടും ഗര്‍ഭം ട്യൂബില്‍ ആണോ ഗര്‍ഭപാത്രത്തില്‍ ആണോ എന്നത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ക്ക് ഒരു സ്ഥിരീകരണത്തിലെത്താന്‍ സാധിച്ചില്ല. സ്കാനിംഗില്‍ ഒന്നും വ്യക്തമായി കാണിക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയാണോയെന്ന് പോലും സംശയം ഉടലെടുത്തു.
ഗര്‍ഭിണിയാണെന്ന് സ്ഥിരീകരണം ഉണ്ടായിട്ടും വേണ്ട രീതിയില്‍ അഹല്യയെ പരിരക്ഷിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം. രക്തസ്രാവം ഉണ്ടായതോടെ ഓപ്പറേഷന്‍ ചെയ്ത് അബോര്‍ഷന്‍ ചെയ്യാമെന്ന് പറഞ്ഞു കുത്തിവെപ്പ് നല്‍കി. അഹല്യയുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളായി. എന്നാല്‍, ഡോക്ടര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാര്‍ തണുപ്പന്‍ മട്ടിലാണ് കാര്യങ്ങളെ നോക്കികണ്ടതെന്ന് അഹല്യയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ആരോഗ്യസ്ഥിതി ഏറെ വഷളായപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞെന്നും ഇതിനിടെ അഹല്യക്ക് ഹൃദയാഘാതം ഉണ്ടായെങ്കിലും അക്കാര്യം പാലായിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ തങ്ങളില്‍ നിന്നും മറച്ചുവെച്ചതായും ബന്ധുക്കള്‍ പരാതിപ്പെടുന്നു. കോട്ടയത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് ബന്ധുക്കള്‍ അറിയുന്നത്. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ അഹല്യ മരണമടയുകയയിരുന്നു.
സഹോദരിയുടെ മരണത്തില്‍ പാലായിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍ക്കും പങ്കുണ്ടെന്നാണ് അഹല്യയുടെ സഹോദരന്‍ രാഹുലിന്റെ പരാതി. ഇതേസമയം, അവിചാരിതമായി ഉണ്ടായ ഹൃദയാഘാതമാണ് അഹല്യയുടെ മരണത്തിന് ഇടയാക്കിയതെന്നും ചികിത്സയില്‍ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞു.