കോട്ടയം: നഗരസഭ നവീകരിച്ച നെഹ്റു പാര്‍ക്കിന്റെ പരിപാലനം സ്വകാര്യവ്യക്തിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തെച്ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ ഇതുസംബന്ധിച്ച അജണ്ട കൗണ്‍സില്‍ മരവിപ്പിച്ചു. ചങ്ങനാശ്ശേരി സ്വദേശിയാണ് പാര്‍ക്ക് പരിപാലനം ഏറ്റെടുക്കാന്‍ തയ്യാറാണെന്നുകാണിച്ച് നഗരസഭക്ക് പ്രപ്പോസല്‍ നല്‍കിയത്.
പരിപാലനത്തിനുള്ള തൊഴിലാളികളുടെ വേതനം, ചെടികള്‍ക്ക് ആവശ്യമായ വളം, മറ്റു സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിന് പ്രതിമാസം ഒന്നരലക്ഷം രൂപ നികുതി ഉള്‍പ്പെടെ നഗരസഭ നല്‍കണം. കൂടാതെ പാര്‍ക്കിലെ മോട്ടറിന്റെ പ്ലംബിങ് വര്‍ക്കും മെയ്ന്റനന്‍സും നഗരസഭ ചെയ്യണം. വൈദ്യുതിയും നഗരസഭ ലഭ്യമാക്കണം.
മാലിന്യം നിര്‍മാര്‍ജനം നടത്തുന്നതിന് സൗകര്യം ചെയ്തുകൊടുക്കുകയും വേണം. പുതിയ പാര്‍ക്ക് സ്ഥാപിക്കുകയാണെങ്കില്‍ അതും പ്രപ്പോസലില്‍ ഉള്‍പ്പെടുത്താമെന്നും പറയുന്നു. വിഷയം ചര്‍ച്ചക്കെടുത്തതോടെ പ്രതിപക്ഷത്തെ ഷീജ അനില്‍ കുമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. പാര്‍ക്കിന്റെ പരിപാലനം സ്വകാര്യവ്യക്തിക്ക് നല്കണമെങ്കില് പത്രപരസ്യം നല്കി ടെന്‍ഡര്‍ വിളിക്കണം.
ഭരണപക്ഷത്തിന് താല്പര്യമുള്ളയാള്ക്ക് നല്കി അഴിമതി നടത്താനുള്ള നീക്കമാണിത്. ഇത് അംഗീകരിക്കില്ലെന്നും കൗണ്‍സിലര്‍മാരായ പി.എന്‍. മനോജ്, എം.എന്‍. വിനോദ്, പി.ഡി. സുരേഷ് എന്നിവര്‍ പറഞ്ഞു. നഗരസഭക്ക് നാലു ജീവനക്കാരെ നിയോഗിച്ചാല്‍ പരിപാലിക്കാന്‍ കഴിയുന്നതാണ് പാര്‍ക്ക്. ചെലവിന് എന്‍ട്രന്‍സ് ഫീസുമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബഹളം ശക്തമായതോടെ ചെയര്പേഴ്സന് അജണ്ട മരവിപ്പിച്ചതായി പ്രഖ്യാപിച്ച് കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.