ആലപ്പുഴ : ഇന്ന് നെഹ്റു ട്രോഫി ജലോത്സവം നടക്കേണ്ട ദിവസം. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറിയും വള്ളംകളി ഇല്ല. നാലാം വര്‍ഷമാണ് നെഹ്റു ട്രോഫി ജലോത്സവം ഇല്ലാതെ രണ്ടാം ശനിയാഴ്ച കാറുമൂടി കടന്നുപോകുന്നത്. രണ്ടു വര്‍ഷമായി ജലോത്സവം നടന്നിട്ടുമില്ല. 2018 ലെ പ്രളയമാണ് വള്ളംപ്രേമികളുടെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് ഇരുട്ടില്‍ തള്ളിയത്. 2018 ലെ ആദ്യ വെള്ളപ്പൊക്കം കാരണം നെഹ്റു ട്രോഫി ജലോത്സവം മാറ്റി.
ഓഗസ്റ്റ് 15 ന് രണ്ടാം വെള്ളപ്പൊക്കവും ചതിച്ചതോടെ ജലോത്സവം ഓഗസ്റ്റ് കടന്ന് നവംബറിലേക്കു മാറ്റേണ്ടി വന്നു. 2019 ലും പ്രളയം ആവര്‍ത്തിച്ചെങ്കിലും നെഹ്റു ട്രോഫി ജലോത്സവവും ചാംപ്യന്‍സ് ബോട്ട് ലീഗും (സിബിഎല്‍) രണ്ടാഴ്ച വൈകി, ഓഗസ്റ്റ് 31 ന് നടത്തി. കഴിഞ്ഞ വര്‍ഷം സിബിഎല്ലിന്റെ രണ്ടാം എഡിഷന്‍ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴാണ് കോവിഡ് വ്യാപകമായത്.
നെഹ്റു ട്രോഫി ജലോത്സവത്തിന്റെ 70-ാം വാര്‍ഷികമായ അടുത്ത വര്‍ഷം സപ്തമി ആഘോഷിക്കാനെങ്കിലും പ്രകൃതി കനിയുമെന്ന പ്രാര്‍ത്ഥനയിലാണ് സ്വദേശികളും വിദേശികളുമായ വള്ളംകളി പ്രേമികള്‍. കേരള ടൂറിസത്തിന്റെയും ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലയുടെയും തിരിച്ചുവരവിനു കളമൊരുക്കി വീണ്ടും പുന്നമടയുടെ കായലോളങ്ങള്‍ തുഴകളേറ്റുവാങ്ങും, ഇരുകരകളിലും ആര്‍പ്പും ആരവവും ഉയരുമെന്ന പ്രതീക്ഷയാണ് വള്ളം ഉടമകള്‍ക്കും ക്ലബ്ബുകള്‍ക്കും ഇപ്പോഴുള്ളത്.