ലക്‌നൗ: വൈദ്യുതി കമ്പി താഴ്ന്ന് കിടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെയും മകനെയും അയല്‍വാസി വെടിവെച്ചു കൊന്നു.
50 വയസുകാരനായ രാജേന്ദ്ര ബഹദൂര്‍ സിങ്ങും 22 വയസുള്ള മകന്‍ അഭയ് പ്രതാപ് സിങ്ങുമാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി രഞ്ജിത്ത് സിങ് ഒളിവില്‍ പോയി. പ്രതിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. രഞ്ജിത്ത് സിങ്ങും സഹോദരനും ട്രാക്ടറില്‍ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. വഴിമധ്യേ രാജേന്ദ്ര ബഹദൂര്‍ സിങ്ങിന്റെ വീട്ടിലേക്കുള്ള വൈദ്യതി കമ്പി താഴ്ന്ന് കിടന്നതിനാല്‍ വാഹനം നിര്‍ത്തി. ഇതിനെ ചൊല്ലി രഞ്ജിത്ത് സിങ്ങും രാജേന്ദ്ര ബഹദൂര്‍ സിങ്ങും തമ്മില്‍ തര്‍ക്കമായി.
കുപിതനായ രഞ്ജിത്ത് സിങ് തോക്കെടുത്ത് വെടിവെയ്ക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെടിയേറ്റതായി പോലീസ് പറഞ്ഞു.