ദില്ലി : രോഗം ബാധിച്ച് അവശനിലയിലായ അമ്മയ്ക്ക് ചികിത്സാ സഹായം തേടി അയല്‍വാസിയെ സമീപിച്ച പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി. ദില്ലിയിലാണ് സംഭവം. ജനുവരി 22നാണ് പെണ്‍കുട്ടി അയല്‍വാസിയുടെ അടുത്ത് സഹായം തേടിയെത്തിയത്. സംഭവം കേസായതിന് പിന്നാലെ അരുണ്‍ എന്ന കുറ്റാരോപിതന്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്.
ദില്ലിയിലെ പാണ്ഡവ് നഗര്‍ പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസുഖം ബാധിച്ച അമ്മയോടൊപ്പം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് ഗ്രാമത്തിലേക്ക് പോയ സമയത്താണ് അക്രമം നടക്കുന്നത്. രോഗം ബാധിച്ചിരുന്ന അമ്മയുടെ നില വഷളാവുന്നത് കണ്ട് ഭയന്നാണ് പെണ്‍കുട്ടി അയല്‍ക്കാരന്‍റെ വീട്ടിലെത്തി അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ആവശ്യപ്പെട്ടത്. മരുന്ന് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് പീഡന ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.