കഠ്മണ്ഡു : നേപ്പാളിനെ വിറപ്പിച്ച മിന്നൽപ്രളയം ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്കുള്ള വൈദ്യുതിവിതരണത്തെ ബാധിക്കുമെന്ന് ആശങ്ക. ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ ത്രിശൂലി നദിയിലേതടക്കം 13 ജലവൈദ്യുത പ്ലാന്റുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ഒരു സോളർ പ്ലാന്റിന്റെയും പ്രവർത്തനം നിലച്ചു. പ്രതിദിനം 359 മെഗാവാട്ട് വൈദ്യുതോൽപാദനശേഷി ഉണ്ടായിരുന്ന പ്ലാന്റുകളാണിവ. ഇന്ത്യയും ബംഗ്ലദേശും നേപ്പാളിൽനിന്നു വൈദ്യുതി വാങ്ങുന്നുണ്ട്. ത്രിശൂലി നദിയിലെ പല വൈദ്യുതപദ്ധതികളും ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെയാണു പൂർത്തിയാക്കിയത്. പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയ്ക്കുള്ള വൈദ്യുതിയുടെ അളവ് 800 മെഗാവാട്ടിൽനിന്നു 400 മെഗാവാട്ടായി നേപ്പാൾ വെട്ടിക്കുറച്ചു.
ഇന്ത്യയ്ക്കു വൈദ്യുതി നൽകിയിരുന്ന ദേവ്ഘട്ടിലെ 14 മെഗാവാട്ട് ജലവൈദ്യുത പ്ലാന്റ് പൂർണമായി തകർന്ന നിലയിലാണ്. ഇതിനിടെ, ഒക്ടോബറിൽ ഇന്ത്യ നൽകാറുള്ള വൈദ്യുതി ഇക്കുറി നേരത്തേ നൽകണമെന്ന് നേപ്പാൾ ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി നേരിടാനാണിത്. നേപ്പാളിലെ മഴക്കാലത്ത് അധികവൈദ്യുതി ഇന്ത്യയ്ക്കു നൽകുന്നതാണു പതിവ്. ശൈത്യകാലത്ത് നേപ്പാളിന് ഇന്ത്യ തിരികെ വൈദ്യുതി നൽകും. തകർന്ന വൈദ്യുതപദ്ധതികളുടെ പുനരുദ്ധാരണത്തിന് 2500 കോടി നേപ്പാൾ രൂപ (ഏകദേശം 1566 കോടി ഇന്ത്യൻ രൂപ) വേണ്ടിവരുമെന്നാണ് നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. പ്രതികൂല കാലാവസ്ഥ, ചെളിയും മണ്ണും നിറഞ്ഞ കെട്ടിടങ്ങൾ, കാൽ പൂണ്ടുപോകുന്ന വഴികൾ – നേപ്പാളിൽ രക്ഷാപ്രവർത്തകരെ വലയ്ക്കുന്ന ഘടകങ്ങളേറെ.
വെള്ളിയാഴ്ച 6 വയസ്സുള്ള കുട്ടിയെ അദ്ഭുതകരമായാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷിച്ചതെന്ന് ആംഡ് പൊലീസ് ഫോഴ്സ് (എപിഎഫ്) ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ നേത്ര ബഹാദൂർ കാർകി ‘മനോരമ’യോടു പറഞ്ഞു. കുട്ടിയെ തിമൂറെയിലെ ബോർഡർ ഔട്ട്പോസ്റ്റിലാണ് ആദ്യം എത്തിച്ചത്. ബിദുറിലെ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചെങ്കിലും കാലാവസ്ഥ പ്രതിസന്ധിയായി. ഒടുവിൽ ഇന്നലെ ആശുപത്രിയിലേക്കു മാറ്റി. ജലവൈദ്യുതപദ്ധതി ടണലുകളിൽ ഉൾപ്പെടെ ആളുകൾ കുടുങ്ങിക്കിടപ്പുണ്ട്. ടണലുകളിൽ മണ്ണു നിറഞ്ഞതോടെയാണ് ഇവരെ രക്ഷിക്കാൻ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായം തേടിയത്. നിയന്ത്രിത സ്ഫോടനം നടത്തി ടണൽ പൊട്ടിച്ച് പരിശോധന നടത്തിയെന്നും ഏതാനും പേരെ രക്ഷിച്ചെന്നുമാണു വിവരം. രക്ഷാദൗത്യത്തിനായി ഇന്ത്യയിൽനിന്ന് 22 കരസേനാംഗങ്ങൾകൂടി നേപ്പാളിലെത്തി.































