കൊച്ചി: ഹോട്ടലില്‍ നിന്ന് നെയ്റോസ്റ്റും വടയും കഴിച്ച എറണാകുളം ആര്‍ടിഒയ്ക്ക് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ കാക്കനാടുള്ള ഹോട്ടൽ താത്കാലികമായി പൂട്ടി. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ ആര്യാസ് റെസ്റ്റോറന്‍റാണ് നഗരസഭാ ആരോഗ്യവിഭാഗം അടപ്പിച്ചത്. ചികിത്സയില്‍ തുടരുന്ന ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു. നെയ്റോസ്റ്റും ചട്ണിയും വടയും കോഫിയുമാണ് ആര്യാസ് വെജിറ്റേറിയന്‍ റെസ്റ്റോറന്‍റില്‍നിന്ന് അനന്തകൃഷ്ണനും മകനും കഴിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരും ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചത്. ഇതിനുപിന്നാലെ ഇരുവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി.
മകന് പ്രശ്നം ഗുരുതരമായില്ലെങ്കിലും അനന്തകൃഷ്ണന്‍റെ ആരോഗ്യനില മോശമായി. വയറിളക്കം, ശര്‍ദ്ദി, തളര്‍ച്ച, കടുത്ത പനി തുടങ്ങിയവയുമായി ആരോഗ്യനില വഷളായതോടെ പിടിച്ചുനില്‍ക്കാനാകാതെ അനന്തകൃഷ്ണന്‍ ആശുപത്രിയില്‍ എത്തി. ദോശയ്ക്കൊപ്പം കഴിച്ച ചട്ണിയില്‍ നിന്ന് ഭക്ഷ്യവിഷ ബാധയേറ്റതാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. ഹോട്ടലിനെതിരെ ആരോപണം ഉയര്‍ന്നതോടെ തൃക്കാക്കര നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടലില്‍ നിന്ന് ഭക്ഷണ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
മണ്ഡലകാലമായതിനാല്‍ തന്നെ ഭക്തര്‍ ശബരിമലയിലേക്ക് ഒഴുകും. ശബരിമല സീസണില്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലും തിരക്കേറും. ഇതിനാല്‍ തന്നെ വെജിറ്റേറിയന്‍ ഭഷണത്തിന്‍റെ ശുചിത്വത്തെക്കുറിച്ച് രോഗാവസ്ഥയിലും ആശുപത്രിയില്‍നിന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അനന്തകൃഷ്ണന്‍. ചട്ണിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും മകന്‍ ചട്ണി വളരെ കുറച്ചാണ് കഴിച്ചതെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. രണ്ടു ദിവസം മകനും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. മണ്ഡലകാലത്ത് കൂടുതല്‍ ഭക്തര്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഹോട്ടല്‍ ഉടമകള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും അനന്ത കൃഷ്ണന്‍ പറഞ്ഞു.