വാഷിങ്ടൺ : ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ വിമർശനമുന്നയിച്ച് മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം നെതന്യാഹു കൈകാര്യം ചെയ്യുന്നത് മുൻനിർത്തിയാണ് ഹിലരിയുടെ വിമർശനം. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് നെതന്യാഹു രാജിവെക്കേണ്ടതായിരുന്നുവെന്ന് ഹിലരി ക്ലിന്റൺ പറഞ്ഞു. ഹമാസിന് സിവിലയൻമാരെ കുറിച്ച് ആലോചനയില്ല. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഫലസ്തീൻ പൗരൻമാരെ കുറിച്ച് അവർക്ക് ചിന്തയില്ലെന്നും സിവിലിയൻമാരെ സംരക്ഷിക്കാൻ ഹമാസ് ഒന്നും ചെയ്യില്ലെന്നും ഹിലരി കുറ്റപ്പെടുത്തി.
നെത്യനാഹുവിന്റെ നിരീക്ഷണത്തിനിടെയാണ് ഹമാസ് ഇസ്രായേലിൽ ആക്രമണം നടത്തിയതെന്നും ഹിലരി വിമർശിച്ചു. നെതന്യാഹു എന്തായാലും പുറത്തേക്ക് പോകണം. അയാളെ വിശ്വസിക്കാനാവില്ല. വെടിനിർത്തലിന് മുന്നിലുള്ള തടസ്സം നെത്യനാഹുവാണെങ്കിൽ അയാൾ മാറുകയാണ് നല്ലതെന്നും ഹിലരി ക്ലിന്റൺ പറഞ്ഞു. ഇസ്രായേൽ ജനതയുടെ ആശങ്കകൾ പരിഹരിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്തു. നെതന്യാഹുവിനെ സ്വാധീനിക്കാൻ ആവുന്നതെല്ലാം ബൈഡൻ ചെയ്യുന്നുണ്ടെന്നും ഹിലരി ക്ലിന്റൺ പറഞ്ഞു.