ജറുസലേം: ഗാസ്സയിൽ സൈനിക നീക്കം ശക്തമാക്കാൻ ഇസ്രായേൽ തീരുമാനം. ഗാസ്സയിൽ നിന്ന് ഫലസ്തീനികളെ മാറ്റി പ്രദേശം പൂർണമായും പിടിച്ചെടുക്കാൻ ഐകകണ്‌ഠ്യേനയാണ് ഇസ്രായേൽ സുരക്ഷാ കാബിനറ്റ് യോഗം തീരുമാനിച്ചത്. ഗാസ്സയിലെ ജനങ്ങളെ തെക്കൻ മേഖലയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നതെന്ന് ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് സൈനികരെ അധികമായി നിയോഗിച്ച് ഗാസ്സയിലെ തങ്ങളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. ഗാസ്സയിലെ ആക്രമണം ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇസ്രായേൽ ഭരണകൂടം.
സൈനിക നടപടി കടുപ്പിക്കുന്നതിലൂടെ ഗാസ്സയിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുകയെന്ന ലക്ഷ്യവും നെതന്യാഹുവിനുണ്ട്. ഹമാസിന്റെ സ്വാധീനം തകർക്കാനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആക്രമണം ശക്തമാക്കുന്നതെന്ന് സർക്കാർ വക്താവായ ഡേവിഡ് മെൻസർ പറഞ്ഞു. അതേസമയം ആക്രമണം കടുപ്പിക്കുന്നത് ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നാണ് നെതന്യാഹുവിന്റെ വിമർശകർ പറയുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറബ് രാജ്യങ്ങളിൽ നടത്തുന്ന സന്ദർശനത്തിനിടെ വെടിനിർത്തൽ ചർച്ചകൾ വീണ്ടും സജീവമാകുമെന്നും സൂചനയുണ്ട്.
സൗദി അറേബ്യ, ഖത്തർ, യുഎഇ രാഷ്ട്രങ്ങൾ സന്ദർശിക്കാനാണ് ട്രംപ് എത്തുന്നത്. മേയ് 13-15 ദിവസങ്ങളിലാണ് ട്രംപിന്റെ സന്ദർശനം. തിങ്കളാഴ്ച മാത്രം ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 54 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ വിമാനത്താവളം ആക്രമിച്ചതിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തിയിരുന്നു. 2023 ഒക്ടോബറിൽ തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ 52,567 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 118,610 പേർക്ക് പരിക്കേറ്റതായാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.