തിരുവനന്തപുരം: കോൺഗ്രസിന്റെ 230 ബ്ലോക്ക് പ്രസിഡന്റുമാരെ കെപിസിസി പ്രഖ്യാപിച്ചു. ആകെ 282 ബ്ലോക്ക് പ്രസിഡന്റുമാരാണ് ഉള്ളത്. അവശേഷിക്കുന്ന കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരെ വൈകാതെ നിശ്ചയിക്കും. മതിയായ ചർച്ച കൂടാതെയാണു പ്രഖ്യാപനം എന്ന പരാതിയും ഒപ്പം ഉയർന്നു.കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മൂന്നു ദിവസം തുടർച്ചയായി നടത്തിയ ചർച്ചകൾക്കൊടുവിൽ വെള്ളിയാഴ്ച രാത്രി 12 മണിക്കാണു കെപിസിസി പ്രസിഡന്റിന്റെ ഫെയ്സ്ബുക് പേജിൽ പട്ടിക പ്രസിദ്ധീകരിച്ചത്.
കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റുമാർ കൂട്ടത്തോടെ മാറി പുതുമുഖങ്ങൾ കടന്നു വരുന്നതു പത്തു വർഷത്തിൽ ആദ്യമാണ്. കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റ ശേഷം ആരംഭിച്ച പുനഃസംഘടനാ ചർച്ചകളുടെ ഒരു പ്രധാന ഘട്ടമാണു പിന്നിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പു തയാറെടുപ്പിനായി താഴെ തട്ടിലെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനുളള ശ്രമങ്ങൾക്ക് ഇതോടെ തുടക്കമായി. പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ബ്ലോക്ക് കമ്മിറ്റികൾ നിലവിൽ വരും. ഡിസിസികൾ കേന്ദ്രീകരിച്ചു പുതിയ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള ചർച്ച നടക്കുന്നു.
ബ്ലോക്ക്, മണ്ഡലം അഴിച്ചുപണിക്കു ശേഷം ആവശ്യമെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി ഡിസിസികളിലും പുതിയ ഭാരവാഹികൾ വരും.230 ഭാരവാഹികളിൽ പകുതിയിലേറെ അൻപതു വയസ്സിൽ താഴെയുള്ളവരാണെന്നു കെപിസിസി നേതൃത്വം അറിയിച്ചു. വനിതാ പ്രാതിനിധ്യം പക്ഷേ തീർത്തും പരിമിതമായി. തർക്കങ്ങൾ തുടരുന്നതു മൂലം പ്രഖ്യാപനം നീണ്ടു പോയ മൂന്നു ജില്ലകളിലേതു കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഏതാനും ബ്ലോക്ക് പ്രസിഡന്റുമാരെ കൂടി പ്രഖ്യാപിക്കാനുണ്ട്.
അന്തിമ കൂടിയാലോചനകളിൽ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തി എന്ന പ്രതിഷേധത്തിലാണ് എ–ഐ വിഭാഗങ്ങൾ. കോൺഗ്രസിലെ പ്രബല വിഭാഗങ്ങളെ ഇരുട്ടിൽ നിർത്തി ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത് ഐക്യാന്തരീക്ഷം നശിപ്പിക്കുമെന്നും ഹൈക്കമാൻഡ് ഇടപെടണമെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറോട് യുഡിഎഫ് കൺവീനർ എം.എം.ഹസൻ രേഖാമൂലം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയും താരിഖിനെ അതൃപ്തി അറിയിച്ചു. നീതിയുക്തമായ പട്ടികയാണു തയാറാക്കിയതെന്നും പരാതികൾ കുറവാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.