തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ ഹൊഗനക്കലില്‍ നിന്നും 25 വഞ്ചികളും തുഴകളുമാണ് എത്തിച്ചത്. സവാരി കേന്ദ്രത്തില്‍ എത്തിച്ച വഞ്ചികള്‍ ടാര്‍ തേച്ച് ബലപ്പെടുത്തിയ ശേഷം അവിട്ടം ദിനത്തില്‍ നീറ്റിലിറക്കുവാനാണ് വനം വകുപ്പിന്റെ തീരുമാനം. കാലപ്പഴക്കം കാരണം ദ്രവിച്ച വഞ്ചികള്‍ ആയിരുന്നു സവാരി കേന്ദ്രത്തില്‍ നിലവിലുണ്ടായിരുന്നത്. കല്ലന്‍ മുളകളില്‍ നിര്‍മ്മിക്കുന്ന വഞ്ചി സാധാരണ ആറുമാസം മാത്രമേ ഉപയോഗിക്കുവാന്‍ കഴിയു. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സവാരി ഈ വര്‍ഷം നടന്നതിനാല്‍ കുട്ടകള്‍ കാലാവധിക്ക് മുന്‍പ് തന്നെ ഇളകിത്തുടങ്ങിയിരുന്നു. കുട്ടവഞ്ചി തുഴച്ചില്‍ തൊഴിലാളികള്‍ തന്നെയാണ് വഞ്ചികള്‍ ടാര്‍ തേച്ച് ബലപ്പെടുത്തുന്നത്.
രണ്ട് ദിവസത്തോളം വേണം ടാര്‍ ഉണങ്ങുവാന്‍. ഇതിന് ശേഷം മാത്രമേ കുട്ടവഞ്ചി സവാരിക്കായി ഉപയോഗിക്കാന്‍ കഴിയു. അവധി ദിനത്തില്‍ വളരെ വലിയ തിരക്കാണ് അടവിയില്‍ അനുഭവപ്പെടുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി ആളുകള്‍ അടവിയില്‍ എത്തുന്നുണ്ട്. വനത്തിലൂടെ ഒഴുകുന്ന കല്ലാറ്റിലൂടെയാണ് സവാരി നടക്കുന്നത്. യാത്രക്കിടെയില്‍ വന്യ ജീവികളെയും കാണാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ വലിയ വരുമാനം ലഭിക്കുന്ന അടവിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇനിയും പരിഹരിക്കപ്പെടാനുണ്ട്.




























