തിരുവനന്തപുരം : തിരുവനന്തപുരം അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി. ശിശു ക്ഷേമ സമിതി സംസ്ഥാന സമിതി ഓഫീസിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ അകത്ത് എത്തുകയായിരുന്നു. ഹാളിന് മുന്നിലെത്തിയ മൂന്നു പേരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു.
ലാത്തിയും ഷീല്‍ഡും ഉപയോഗിച്ച് മര്‍ദ്ദിക്കാന്‍ ശ്രമിച്ചത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് വലിച്ചിഴച്ച് പോലീസ് വാഹനത്തിലേക്ക് കയറ്റുകയായിരുന്നു. യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ചൂണ്ടിക്കല്‍ ഹരി, അരുവിക്കര മണ്ഡലം പ്രസിഡന്റ് അജി, മീഡിയ കണ്‍വീനര്‍ രാമേശ്വരം ഹരി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്‌എഫ്‌ഐ നേതാവായിരുന്ന അനുപമ എസ് ചന്ദ്രന്‍ കുഞ്ഞിനെ അനധികൃതമായി ദത്തു നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ശിശുക്ഷേമ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജു ഖാന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയാണ് കുഞ്ഞിനെ നല്‍കിയതെന്ന് വിവരങ്ങള്‍ പുറത്തുവന്നിരുന്നു.