കൊല്ലം : നവജാത ശിശുവിനെ ഉപേക്ഷിച്ച കേസില്‍ അമ്മ രേഷ്മയുടെ ഫേസ് ബുക്ക് സുഹൃത്തിനെ കണ്ടെത്തി. കൊല്ലം സ്വദേശി അനന്ദുവിനെയാണ് പോലീസ് തിരിച്ചറിഞ്ഞത്. പരവൂരും വര്‍ക്കലയിലും കൂടിക്കാഴ്ചക്കായി അനന്ദു രേഷ്മയെ വിളിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
സംഭവത്തില്‍ ആത്മഹത്യ ചെയ്ത ആര്യയുടെ ആത്മഹത്യാ കുറിപ്പ് ഇന്നലെ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ മാതാവെന്ന് പറയപ്പെടുന്ന രേഷ്മ ഇത്ര വലിയ വഞ്ചകിയാണെന്ന് മനസ്സിലായില്ലെന്നും പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ പിടിക്കപ്പെടുന്നത് സഹിക്കാന്‍ കഴിയില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
സംഭവത്തില്‍ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ദുരൂഹത നീങ്ങിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരുന്ന രണ്ട് യുവതികള്‍ ഇത്തിക്കരയാറ്റില്‍ ചാടി മരിച്ചതോടെ സംഭവത്തില്‍ ദുരൂഹതയേറി. ആത്മഹത്യ ചെയ്യേണ്ട തരത്തില്‍ ഈ യുവതികള്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.