കൊല്ലം : നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയിരുന്ന രണ്ട് യുവതികള്‍ ഇത്തിക്കരയാറ്റില്‍ ചാടി മരിച്ചതോടെ സംഭവത്തില്‍ ദുരൂഹതയേറുകയാണെന്നാണ് പോലീസ് പറയുന്നത്.
യുവതികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഉഴായിക്കോട് സ്വദേശി ആര്യ (23) യുടെ മൃതദേഹം ഇത്തിക്കരയാറിന്റെ ആദിച്ചനല്ലൂര്‍ മീനാട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഭര്‍ത്തൃ സഹോദരന്റെ ഭാര്യയാണ് ആര്യ. ആര്യയോടൊപ്പം കാണാതായ സഹോദരിയുടെ മകള്‍ ഗ്രീഷ്മയുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ജനുവരി അഞ്ചിനാണ് കരിയിലകൊണ്ട് മൂടിയ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ആര്യയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെയാണ് കൂടുതല്‍ ദുരൂഹത ഉണ്ടാകുന്നത്. കുഞ്ഞിന്റെ മാതാവെന്ന് പറയപ്പെടുന്ന രേഷ്മ ഇത്ര വലിയ വഞ്ചകിയാണെന്ന് മനസ്സിലായില്ലെന്നും പിഞ്ചുകുഞ്ഞിനെ കൊന്ന കേസില്‍ പിടിക്കപ്പെടുന്നത് സഹിക്കാന്‍ കഴിയില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ആത്മഹത്യ ചെയ്യണ്ട തരത്തില്‍ ഈ യുവതികള്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
നവജാതശിശുനെ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമസ്ഥന്‍ കൂടിയായ ഊഴായ്ക്കോട് പേഴ് വിളവീട്ടില്‍ സുദര്‍ശനന്‍ പിള്ളയുടെ മകളാണ് രേഷ്മ. പാരിപ്പള്ളി പോലീസ് ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.