മഞ്ചേരി: ഗര്‍ഭിണിക്ക് ചികിത്സ ലഭിക്കാന്‍ വൈകിയതിനാല്‍ ഇരട്ടകുട്ടികള്‍ മരിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും യുവതിക്കോ കുട്ടികള്‍ക്കോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രാഥമിക റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധികൃതരെ വെള്ളപൂശിക്കൊണ്ടാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നില്ലെന്നും കുടുംബം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കുടുംബം തള്ളി. കുടുംബത്തിന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ലെന്നാണ് ഇവരുടെ പരാതി. ഒന്നാം പ്രതിയായ മെഡിക്കല്‍ സൂപ്രണ്ട് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട് വായിച്ചത് തങ്ങളുടെ ഭാഗം പറയാതെയെന്നും കുടുംബം.കരഞ്ഞ് പറഞ്ഞും ചികിത്സ ലഭിച്ചില്ല, എങ്ങനെയാണ് പ്രസവം അടുത്ത സാഹചര്യത്തില്‍ ഡിസ്ചാര്‍ജ് ആവശ്യപ്പെടുകയെന്നും യുവതിയുടെ ഭര്‍ത്താവ് ശെരീഫ് പറഞ്ഞു. ഏകപക്ഷീയമാണ് റിപ്പോര്‍ട്ടെന്നും സ്വന്തം ഡിപാര്‍ട്ട്‌മെന്റിനെ സംരക്ഷിച്ചുള്ള റിപ്പോര്‍ട്ട് അല്ലേ സൂപ്രണ്ട് നല്‍കുകയുള്ളൂയെന്നും ശെരീഫ്.
അതേസമയം ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്നാണ് നോട്ടീസില്‍ നിര്‍ദേശം. വിഷയത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടീസ് നല്‍കിയത്.