ബംഗളൂരു: നവജാത ശിശുവിനെ തട്ടിയെടുത്ത് വില്‍പ്പന നടത്തിയെന്ന പരാതിയില്‍ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. മനഃശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ചാമരാജ്പേട്ടിലെ ആശുപത്രിയിലാണ് സംഭവം നടന്നത് . ബൃഹത് ബംഗളൂരു മഹാനഗര പാലിക മെറ്റേണിറ്റി ഹോമില്‍ നിന്നാണ് ഇവര്‍ കുഞ്ഞിനെ തട്ടിയെടുത്തത്.
ഡോക്ടര്‍ ചികിത്സിക്കുന്ന ദമ്പതികള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. വാടക ഗര്‍ഭപാത്രം സംഘടിപ്പിച്ചുതരാമെന്ന് ദമ്പതികള്‍ക്ക് വാക്ക് നല്‍കിയെങ്കിലും ഡോക്ടര്‍ക്ക് അതിന് കഴിഞ്ഞില്ല. പറഞ്ഞ സമയം കഴിഞ്ഞതോടെ ചാമരാജ്പേട്ടിലെ ആശുപത്രിയിലെത്തിയ ഡോക്ടര്‍ പിറകിലെ ഗേറ്റിലുടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു.
കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് 20 അംഗ അന്വേഷസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 16 ലക്ഷം രൂപക്കാണ് കുഞ്ഞിനെ വിറ്റതെന്നും വായ്പാതുക തിരിച്ചടയ്ക്കാനാണ് കുഞ്ഞിനെ വിറ്റതെന്നും പ്രതിയായ ഡോക്ടര്‍ പറയുന്നു.