കൊല്ലം : കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്‌റ്റിലായ അമ്മ രേഷ്‌മക്ക് ജാമ്യം. പറവൂർ മുൻ സിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്‌റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്തതിനാല്‍ കോടതി ജാമ്യം അനുവദിക്കുക ആയിരുന്നു.
രേഷ്‌മയുടെ ചാറ്റിംഗ് വിവരം സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതരില്‍ നിന്നും പൂര്‍ണ വിവരം ലഭിക്കാത്തതിനാല്‍ ആണ് കേസില്‍ അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്തത്. ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. രേഷ്‌മയുടെ ഭര്‍ത്താവായ വിഷ്‌ണുവാണ് ജാമ്യത്തില്‍ ഇറക്കിയിരിക്കുന്നത്. പാരിപ്പള്ളി പോലീസ് സ്‌റ്റേഷന്‍ പരിധി വിട്ട് പോവരുതെന്ന ഉപാധിയോടെയാണ് ജാമ്യം.
ഈ വര്‍ഷം ജനുവരി അഞ്ചാം തീയതിയാണ് കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ന് വൈകിട്ട് തന്നെ കുഞ്ഞ് മരിച്ചു. തുടര്‍ന്നാണ് പോലീസ് കുഞ്ഞിനെ ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചത്.