പത്തനംതിട്ട : രാജ്യാന്തര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടെ കോന്നി കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിടം. 29 കോടി രൂപ ചെലവഴിച്ച് കോന്നി മെഡിക്കൽ കോളേജിന് സമീപം എട്ട് ഏക്കറിലായാണ് രാജ്യാന്തര നിലവാരത്തിൽ കേന്ദ്രീയ വിദ്യാലയത്തിന്‍റെ നിർമാണം പൂർത്തീകരിക്കുന്നത്. 4500 ചതുരശ്ര മീറ്ററിൽ ആധുനിക നിലവാരത്തിലുള്ള 24 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ജീവനക്കാർക്കായി 17 ക്വാർട്ടേഴ്സുകളും തയ്യാറായി കഴിഞ്ഞു. മികച്ച നിലവാരത്തോടുകൂടിയ മൾട്ടി പർപ്പസ് ഇൻഡോർ ഹാൾ, ബാസ്കറ്റ് ബോൾ കോർട്ട്, ഓഡിറ്റോറിയം, ഫുഡ്ബോൾ കോർട്ട് എന്നിവയും പുതിയ കേന്ദ്രീയ വിദ്യാലയ സമുച്ചയത്തിലുണ്ട്. വൈദ്യുതി കണക്ഷൻ ലഭ്യമാകുന്ന മുറയ്ക്ക് കുട്ടികളെ പുതിയ കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാൻ കഴിയും.
കോന്നി കേന്ദ്രീയ വിദ്യാലയത്തിലെ പ്രിൻസിപ്പലിനോടും കുട്ടികളോടുമൊപ്പം ആന്‍റോ ആന്‍റണി എംപി അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്രീയ വിദ്യാലയത്തിൽനിന്ന് മെഡിക്കൽ കോളേജ് റോഡിലേക്ക് എത്തുന്നതിനായി എംപി ഫണ്ടിൽനിന്ന് 22 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ റോഡ് യാഥാർഥ്യമാകുന്നതോടെ മെഡിക്കൽ കോളേജ് റോഡിൽനിന്ന് കേന്ദ്രീയ വിദ്യാലയത്തിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. റോഡിന്‍റെ നിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് റോഡിൽ തെരുവ് വിളക്കുകൾ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.