വെൺമണി : പുന്തല ഗ്രാമദീപം ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടമായി. പുന്തല എക്സ്‌സർവീസസ് ലീഗിന്റെ കെട്ടിടത്തിൽ 2012-ൽ ആണ് വായനശാല പ്രവർത്തനം തുടങ്ങിയത്. വാടക ഈടാക്കാതെയാണ് കെട്ടിടം ഗ്രന്ഥശാലയ്ക്ക് വിട്ടുനൽകിയത്. പിന്നീട് പൊതുജന പങ്കാളിത്തത്തോടെ വായനശാലയ്ക്കുവേണ്ടി ഏഴു സെന്റ് ഭൂമി വാങ്ങി. തുടർന്ന് മന്ത്രി സജി ചെറിയാന്റെ പ്രത്യേക വികസനഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയകെട്ടിടം നിർമിച്ചത്. 900 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ വായനമുറി, ഗ്രന്ഥാലയം, ശൗചാലയം എന്നിവയുണ്ട്.
318 മുതിർന്ന അംഗങ്ങളും 88 വിദ്യാർഥി അംഗങ്ങളും ഉൾപ്പെടെ 406 അംഗങ്ങളും 6092 പുസ്തകങ്ങളും വായനശാലയിലുണ്ട്. ശനിയാഴ്ച വൈകിട്ട് നാലിന് മന്ത്രി സജി ചെറിയാൻ ഗ്രന്ഥശാലാ മന്ദിരം ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ. മധു മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 10-ന് ഗ്രന്ഥശാലാ പ്രവർത്തകസംഗമം നടക്കും. നവകേരള നിർമിതിയിൽ ഗ്രന്ഥശാലകളുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന സംവാദം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഡോ. പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്യും.