കോഴിക്കോട്: കൊടുവള്ളി നഗരസഭ 15ാം വാര്‍ഡ് ചുണ്ടപ്പുറത്ത് ഐഎന്‍എല്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഐഎന്‍എല്‍ നഗരസഭ ജനറല്‍ സെക്രട്ടറി ഒപി റഷീദാണ് ചുണ്ടപ്പുറത്ത് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. നേരത്തെ ഫൈസല്‍ കാരാട്ടിന്റെ പേര് പ്രഖ്യാപിച്ചിരുന്നെങ്കിലും സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം പിന്‍വലിക്കുകയായിരുന്നു.
നഗരസഭയില്‍ ഐഎന്‍എല്ലിന് ലഭിച്ച സീറ്റാണ് ചുണ്ടപ്പുറം. സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടയിലും ഇവിടെ ഫൈസല്‍കാരാട്ടിനെ തന്നെ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സിപിഐഎം എതിര്‍പ്പിനെ തുടര്‍ന്നാണ് ഫൈസല്‍ കാരാട്ടിന്റെ പേര് പിന്‍വലിച്ച് പുതിയ സ്ഥാനാര്‍ത്ഥിയെ ഐഎന്‍എല്‍ മത്സര രംഗത്ത് ഇറക്കിയത്. കാരാട്ട് ഫൈസലിനോട് മത്സരരംഗത്തു നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതായി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി സിപി നാസര്‍കോയ തങ്ങള്‍ പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യലിന് വിധേയനായതിനെ തുടര്‍ന്നാണ് ഫൈസല്‍ കാരാട്ടിനോട് മത്സരത്തില്‍ നിന്നും പിന്മാറാന്‍ ഇടതുമുന്നണി നിര്‍ദ്ദേശിച്ചത്. സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശം കോഴിക്കോട് ജില്ല കമ്മറ്റി ഫൈസല്‍ കാരാട്ടിനെയും കൊടുവള്ളിയിലെ പ്രാദേശിക സിപിഐഎം നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലേക്ക് ഫൈസല്‍ കാരാട്ട് ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഡ്വ. പിടിഎ റഹീം എംഎല്‍എയാണ് ഇക്കാര്യ പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനത്തെ തുടര്‍ന്ന് പോസ്റ്ററുകളും പ്രചരണ സാമഗ്രികളും തയ്യാറാക്കിയിരുന്നു. പ്രചരണത്തിന്റെ പ്രാരംഭം ഘടത്തിലേക്ക് കടക്കുകയും ചെയ്തിരുന്നു.
ഈ ഘട്ടത്തിലാണ് ഇപ്പോള്‍ മത്സര രംഗത്ത് നിന്നും മാറി നില്‍ക്കാന്‍ സിപിഐഎം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ കാലാവധി അവസാനിച്ച ടേമില്‍ കൊടുവള്ളി നഗരസഭയില്‍ പറമ്പത്ത്കാവില്‍ നിന്നുള്ള ഇടതുപക്ഷ കൗണ്‍സിലറായിരുന്നു ഫൈസല്‍ കാരാട്ട്. അദ്ദേഹത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പുറമെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി കൂടിയാണ് ഫൈസല്‍ കാരാട്ട്. ഈ പശ്ചാതലത്തില്‍ അദ്ദേഹം മത്സരിക്കുന്നതിനോട് കൊടുവള്ളിയിലെ ഇടതുമുന്നണിയില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇത്തരം ഭിന്നഅഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് ഇപ്പോള്‍ മത്സ രംഗത്തു നിന്നും മാറിനില്‍ക്കാന്‍ സിപിഐഎം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേ സമയം ഇടതുമുന്നണി മത്സരത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഫൈസല്‍ കാരാട്ട് അത് അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യ്കതത വന്നിട്ടില്ല. അദ്ദേഹം ചുണ്ടപ്പുറത്ത് നിന്നും സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകലും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഫൈസല്‍ കാരാട്ടും സന്നദ്ധനായിട്ടില്ല.