ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്സ്വാളിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിഐഎസ്എഫ് തലവനായിരുന്ന സുബോധ് കുമാര്‍ 12 പേര് ഉള്‍പ്പെട്ട പട്ടികയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
നിയമിക്കപ്പെടുന്നവർക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും സർവീസ് കാലാവധിയുണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് എൻ.വി. രമണ എതിർപ്പ് ഉന്നയിച്ചതോടെയാണ് ബെഹ്റ അടക്കമുള്ളവർ പുറത്തായത്. നിയമനകാര്യ സമിതി ഈ ചട്ടം പാലിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. ഇതിനെ ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പിന്തുണച്ചു.
ഇതോടെ ജൂണ്‍ 20നു വിരമിക്കുന്ന ലോക്നാഥ് ബെഹ്റ, ഓഗസ്റ്റ് 31നു വിരമിക്കുന്ന ബിഎസ്എഫ് മേധാവിയായ രാകേഷ് അസ്താന, മേയ് 31നു വിരമിക്കുന്ന എന്‍ഐഎ മേധാവി വൈ.സി. മോദി എന്നിവര്‍ അയോഗ്യരാകുകയായിരുന്നു. സശസ്ത്ര സീമാ ബല് ഡി.ജി കെ ആര് ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി വി, എസ്.കെ കൗമുദി, സുബോധ് കുമാര്‍ ജയ്സ്വാള്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്.