ലണ്ടൻ : കൂടുതൽ പരിശോധനകൾ ലക്ഷ്യമിട്ട് തൊണ്ണൂറു മിനിറ്റിൽ കോവിഡ് ഫലം ലഭിക്കുന്ന രണ്ടു കിറ്റുകളുമായി യു.കെ. ഇന്ത്യൻ വംശജൻ ഗോർഡൺ സങ്കേര സി.ഇ.ഒ. ആയുള്ള ഓക്സ്‌ഫഡ് നാനോപോർ എന്ന കമ്പനിയാണ് ലാംപോർ എന്ന പേരിൽ സ്രവപരിശോധനയിലൂടെ ഫലം ലഭിക്കുന്ന കിറ്റുകൾ വിതരണം ചെയ്യുക.
ഓക്സ്‌ഫഡ് സർവ്വകലാശാലയുടെ ഭാഗമായി പ്രവർത്തിക്കുന്ന കമ്പനി യു.കെ.യിലുടനീളമുള്ള ആശുപത്രികളിലും കെയർ ഹോമുകളിലും ലാബുകളിലും കിറ്റുകൾ വിതരണം ചെയ്യുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. 45 ലക്ഷം കിറ്റുകൾ അടുത്തയാഴ്ചതന്നെ ബ്രിട്ടനിൽ വിതരണം ചെയ്യുമെന്നും ശൈത്യകാല വൈറസ് രോഗങ്ങളെയുൾപ്പെടെ മുന്നിൽക്കണ്ടുകൊണ്ടാണ് പരിശോധനാകിറ്റുകൾ വിതരണം ചെയ്യുന്നതെന്നും സങ്കേര അറിയിച്ചു.
പി.സി.ആർ. സ്രവപരിശോധനയുടെ അതേ സംവേദനക്ഷമതയുള്ള കിറ്റുകൾ ലാബുകളിലും താത്‌കാലിക പരിശോധനാ കേന്ദ്രങ്ങളിലും ഒരുപോലെ ഉപയോഗിക്കാമെന്ന് യു.കെ. ആരോഗ്യ സാമൂഹിക സുരക്ഷാവിഭാഗം (ഡി.എച്ച്.എസ്.സി.) അറിയിച്ചു. ഇതിൽ ഒരു വിഭാഗം കിറ്റുകൾക്ക് ഒരുദിവസം 15,000 പരിശോധനകൾ നടത്താനാകും. അതേസമയം ഡി.എൻ.എ. സാംപിൾ ഉപയോഗിച്ചുള്ള ഡി.എൻ.എ. നഡ്ജ് കിറ്റുകൾ സെപ്റ്റംബർമുതൽ വിതരണം ചെയ്യും. വരുംമാസങ്ങളിൽ 58 ലക്ഷം പരിശോധനകൾ നടത്താനാണ് യു.കെ. ലക്ഷ്യമിടുന്നതെന്നും ഡി.എച്ച്.എസ്.സി. അറിയിച്ചു.