പത്തനംതിട്ട : ജില്ലയിൽ പുതിയ ക്രഷർ യൂണിറ്റുകളും പാറമടകളും അനുവദിക്കരുതെന്നും നിലവിലുള്ള എല്ലാ പാറമടകളുടെയും ദൈനംദിന പ്രവർത്തനം വിദഗ്ദ്ധസംഘം ശാസ്ത്രീയമായി പഠിക്കണമെന്നും നിയമം ലംഘിക്കുന്ന യൂണിറ്റുകൾ അടച്ചുപൂട്ടണമെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. ക്രഷർ യൂണിറ്റുകൾക്ക് അനുമതി നൽകിയ ശേഷം വിവിധ സർക്കാർ വകുപ്പുകൾ നിയമപ്രകാരം നടത്തേണ്ട പരിശോധനകൾ യഥാസമയം നടത്താത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കുന്നതിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.
കോന്നി പയ്യനാമൺ ചെങ്കുളം പാറമടയിൽ അകപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം കാത്തിരിക്കേണ്ടി വന്നത് ജില്ലാ ഭരണകൂടത്തിൻ്റെ പരാജയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ചെങ്കുളം ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് അന്വേഷിക്കുന്നതോടൊപ്പം കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കുകയും വേണം. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുതലാളിമാരും തമ്മിലുള്ള അവിഹിത ബന്ധം കാരണം ഇനിയും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജില്ലയിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പരിപാടികളും സ്പോൺസർ ചെയ്യുന്നത് ക്രഷർ പാറമട മുതലാളിമാരായതുകൊണ്ട് അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നതിന് ആർക്കും കഴിയാതെ വരുന്നതും ജനങ്ങൾക്ക് ഭീഷണിയാണ്.