തിരുവനന്തപുരം : വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷവും ഓണ്‍ലൈനില്‍ തന്നെയാണ് ക്ലാസുകള്‍. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് പിടിപ്പതു പണി വരുന്നു. എല്ലാ വിദ്യാര്‍ഥികളെയും അധ്യാപകര്‍ ഫോണില്‍ വിളിച്ച് അവരുടെ വൈകാരിക പശ്ചാത്തലവും പഠന നിലവാരവും വിശദമായി മനസിലാക്കുകയും ഇതിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ നടത്തിയ പഠന പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും വേണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവില്‍ ആശയക്കുഴപ്പവും നിലനില്‍ക്കുന്നു. ബുധനാഴ്ച പുതിയ പ്രവേശനം ആരംഭിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകാര്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒന്‍പതാം ക്ലാസുകാര്‍ക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും ഓള്‍ പ്രമോഷനാണ് നല്‍കുന്നത്.
ഫോണില്‍ എല്ലാ വിദ്യാര്‍ഥികളെയും ബന്ധപ്പെട്ട ശേഷം വിശദമായ റിപ്പോര്‍ട്ട് 30 നുള്ളില്‍ പ്രഥമാധ്യാപകര്‍ക്ക് കൈമാറണം. അവര്‍ ഈ റിപ്പോര്‍ട്ട് അന്നുതന്നെ ജില്ല-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഈ റിപ്പോര്‍ട്ട് 31-ന് ക്രോഡീകരിച്ച് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്ക് മെയില്‍ അയയ്ക്കണം. വര്‍ക് ഫ്രം ഹോം പ്രയോജനപ്പെടുത്തി പ്രമോഷന്‍ നടപടികള്‍ 25-നകം പൂര്‍ത്തിയാക്കണം. എന്നാല്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് ബുധനാഴ്ച മുതല്‍ പ്രവേശന നടപടികള്‍ നടത്തേണ്ടതെന്നു വ്യക്തമാക്കുന്നുമില്ല.
പ്രവേശനത്തിനുള്ള അപേക്ഷകള്‍ അധ്യാപകര്‍ സമ്പൂര്‍ണ പോര്‍ട്ടലിലൂടെ രക്ഷിതാക്കള്‍ക്ക് നല്‍കണം. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം ഇവ രക്ഷിതാക്കള്‍ സ്‌കൂളില്‍ നേരിട്ടെത്തി കൈമാറണം. ടിസി ഉള്‍പ്പെടെയുള്ളവ ഓണ്‍ലൈനില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. അധ്യാപകരില്‍ ഏറിയ പങ്കും കോവിഡ് ഡ്യൂട്ടിയിലാണെന്നും ആ പരിഗണന നല്‍കാതെയാണ് ഈ ജോലിഭാരമെല്ലാം അടിച്ചേല്‍പ്പിക്കുന്നതെന്നും ആരോപണമുണ്ട്.