ഡെറാഡൂൺ : നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിജെപി നേതൃത്വം നൽകുന്ന സമരം ഡൽഹിയിൽ തുടരുമ്പോൾ രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച. ഉത്തരാഖണ്ഡ് സാങ്കേതിക സർവകലാശാലയുടെ (യുടിയു) രണ്ട് എൻജിനീയറിങ് പരീക്ഷകളുടെ ചോദ്യങ്ങളാണ് ചോർന്നത്. തുടർന്ന് പരീക്ഷകൾ റദ്ദാക്കി. 2025-26 അക്കാദമിക് വർഷത്തെ സെമസ്റ്റർ പരീക്ഷകളായ ‘മെഷീൻ ലേണിങ് ഫോർ ഇന്റർനെറ്റ് ഓഫ് തിങ്സ്’, ‘ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് തിയറി’ എന്നിവയുടെ ചോദ്യപ്പേപ്പറുകളാണ് ചോർന്നത്. മാറ്റിവച്ച പരീക്ഷകൾ ഓഗസ്റ്റ് മൂന്നാം വാരം വീണ്ടും നടത്താൻ സർവകലാശാല തീരുമാനിച്ചു.
ചോദ്യപ്പേപ്പർ ചോർച്ചയിൽ ഡെറാഡൂണിലെ ശിവാലിക് കോളജ് ഓഫ് എൻജിനീയറിങ്ങിലെ അധ്യാപകൻ ആശിഷ് കുമാർ ഗുപ്ത അറസ്റ്റിലായി. ജൂലൈ 8 ന് നടന്ന പരീക്ഷയ്ക്ക് മുൻപായി അധ്യാപകൻ ചോദ്യങ്ങൾ പുറത്തുവിട്ടതായി കണ്ടെത്തി. കോളജ് വാട്സാപ് ഗ്രൂപ്പിലൂടെ വിദ്യാർഥികൾക്കായി അധ്യാപകൻ നൽകിയിരുന്ന ചോദ്യങ്ങളിൽ 90 ശതമാനവും പരീക്ഷയ്ക്ക് വന്നതിനെ തുടർന്നായിരുന്നു അന്വേഷണം. ചോദ്യപ്പേപ്പർ ചോർന്ന രണ്ട് പരീക്ഷകളിൽ ഒന്നിന്റെ ചോദ്യങ്ങൾ തയാറാക്കിയ പാനലിൽ ആശിഷ് കുമാർ ഗുപ്തയുമുണ്ടായിരുന്നു. സർവകലാശാല പരാതി നൽകിയതിനെ തുടർന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.






























