റാന്നി: പുതിയ കേരള വന നിയമ ഭേദഗതി ജനങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അടിയന്തിര യോഗം ചേര്‍ന്ന് ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ബുധനാഴ്ച ഉച്ചക്ക് ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ജനദ്രോഹപരവും വനം വകുപ്പിന്റെ ഗുണ്ടാരാജിനും വഴിതെളിക്കുന്ന നിയമ ഭേദഗതികള്‍ ഒഴിവാക്കണമെന്ന് പ്രമേയം പാസാക്കിയത്. കേരള വന നിയമ ഭേദഗതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് പുഴ എന്നതിന്റെ നിര്‍വ്വചനത്തില്‍ വനത്തിനു അകത്തുകൂടെ ഒഴുകുന്ന പുഴമാത്രമല്ല വനത്തിലേക്ക് ഒഴുകിയെത്തുന്ന പുഴ എന്നും പറഞ്ഞിരിക്കുന്നു. കേരളത്തിലെ പല പുഴകളും ജനവാസ കേന്ദ്രങ്ങളിലും വനത്തിലും ഒക്കെ കയറിയിറങ്ങിയാണ് ഒഴുകുന്നത്. ഇങ്ങനെയുള്ള മുഴുവന്‍ പുഴകളിലും വനം വകുപ്പിന്റെ അധികാരം ഉറപ്പിക്കാനുള്ള കുരുക്കുവഴിയാണ് ഈ നിയമ ഭേദഗതി. പുഴ എന്നതിന്റെ നിര്‍വചനത്തില്‍ പൂര്‍ണ്ണമായും വനത്തിലൂടെ ഒഴുകുന്ന പുഴയുടെ ഭാഗം മാത്രം എന്ന് നിജപ്പെടുത്തണം. വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന പുഴകളില്‍ പഞ്ചായത്തുകള്‍ക്ക് മാത്രമായിരിക്കണം അധികാരം.
സെക്ഷന്‍ 52 പ്രകാരം വനം വകുപ്പിലെ ഏറ്റവും താഴെത്തട്ടില്‍ ഉള്ള ഉദ്യോഗസ്ഥരായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അടക്കം വെറും സംശയത്തിന്റെ പുറത്ത് ആരുടെ വീട്ടിലും കയറി പരിശോധന നടത്താനും വാഹനങ്ങള്‍ തടഞ്ഞു പരിശോധിക്കുവാനുമുള്ള അനിയന്ത്രിതമായ അധികാരം നല്‍കിയിരിക്കുന്നു. ഇത് വളരെ ഗുരുതരമായ അധികാര ദുര്‍വിനിയോഗത്തിന് വഴിവെക്കുന്നതായത് കൊണ്ട് വനത്തിന് വെളിയിലുള്ള വീടുകളിലും മറ്റു കെട്ടിടങ്ങളിലും പരിശോധന നടത്തുമ്പോള്‍ ഡി.എഫ്.ഒ, എ.സി.എഫ് റാങ്കിലോ അതിന് മുകളിലുള്ളവരോ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം പരിശോധന അനുവദിക്കുക. ഇത്തരം പരിശോധനയില്‍ പങ്കെടുക്കാനുള്ള അധികാരം വനം ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുക. സെക്ഷന്‍ 52 പ്രകാരം വാഹന പരിശോധന ചെയ്യാന്‍ ഫോറസ്റ്റ് ഓഫീസറുടെയോ, എസ്.ഐ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥറുടെയോ സാന്നിധ്യത്തില്‍ മാത്രമായി നിജപ്പെടുത്തുക.
സെക്ഷന്‍ 63ല്‍ വാറന്റില്ലാതെ ആരെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റ് ചെയ്യാനുള്ള അധികാരം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് മുതല്‍ മുകളിലേക്ക് നല്‍കിയിരിക്കുന്നു. ഈ അധികാരം നല്‍കിയിരിക്കുന്നത് വനത്തിനുള്ളില്‍ മാത്രമല്ല എവിടെവെച്ചും ആരെയും അറസ്റ്റ് ചെയ്യാനാണ് അധികാരം നല്‍കിയിരിക്കുന്നത്. നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെപറ്റി പറയുന്ന ഭാഗത്ത് നാലാമത്തെ പോയിന്റില്‍ പറയുന്നത് വനത്തിനുള്ളില്‍ വെച്ച് നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാനും അറസ്റ്റ് നടത്താനും വനത്തിന് വെളിയില്‍വന്നു മജിസ്‌ട്രേറ്റി അല്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയോ അനുമതി വാങ്ങി അറസ്റ്റ് ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് താഴെത്തട്ടില്‍ ഉള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അത്തരം അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കേണ്ടതുണ്ട് എന്നാണ്. വനത്തിനുള്ളില്‍വെച്ച് കുറ്റകൃത്യങ്ങള്‍ തടയാന്‍ എന്ന് പറഞ്ഞുകൊണ്ട് എന്തിനാണ് ഫോറസ്റ്റ് വകുപ്പിലെ ഏറ്റവും താഴെത്തട്ടില്‍ഉള്ള ഉദ്യോഗസ്ഥര്‍ക്ക് നാട്ടില്‍ എവിടെവച്ചും വീട്ടില്‍ അതിക്രമിച്ചു കയറി വെറും സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നത്. ഈ ഭേദഗതില്‍ പറയുന്നത് പോലെ അനിയന്ത്രിത അധികാരം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കപ്പെട്ടാല്‍ അത് ഉപയോഗിച്ച് ആളുകളെ അറസ്റ്റ് ചെയ്യുകയും അവരെ മര്‍ദ്ദിച്ച് കുറ്റസമ്മത മൊഴി രേഖപ്പെടുത്തുകയും ചെയ്താല്‍ അത് അവര്‍ക്കെതിരെ ഒരു സാധുവായ തെളിവായി കോടതിയില്‍ സ്വീകരിക്കപ്പെടുമെന്ന അവസ്ഥ ഭീതികരമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമായി മാറും.
വനത്തിന് വെളിയില്‍വെച്ച് വനം ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അത് ഡി.എഫ്.ഒ/എ.സി.എഫ് റാങ്കോ അതിനു മുകളിലോഉള്ള ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായി നിജപ്പെടുത്തണം. പുതിയ നിയമ ഭേദഗതി പ്രകാരം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് ആരെവേണമെങ്കിലും അറസ്റ്റ് ചെയ്യാനുള്ള അധികാരം നല്‍കിയിരിക്കുന്നു. സെക്ഷന്‍ 63.3 ഭേദഗതി പ്രകാരം ഫോറസ്റ്റ് വകുപ്പ് അറസ്റ്റ് ചെയ്യുന്ന ആളെ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ, വനം സ്‌റ്റേഷനിലോ എത്തിക്കണമെന്ന് പറയുന്നു. ഇതിന് പകരം നിലവിലെ രീതി തുടരുക.
സെക്ഷന്‍ 63.4 പ്രകാരം ഈ നിയമ പ്രകാരമുള്ള എല്ലാ അറസ്റ്റുകളും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്. 63.2 സെക്ഷന്‍ പറയുന്നത് ബി.എഫ്.ഒ മുതല്‍ മുകളിലേക്കുള്ള എല്ലാ ഫോറസ്റ്റ് ഓഫീസേഴ്‌സിനും കോഗ്നിസമ്പിള്‍ ആണെങ്കിലും അല്ലെങ്കിലും ഏതു ഫോറസ്റ്റ് കുറ്റത്തിന്റെ പേരിലും ആരെ വേണമെകിലും എവിടെവെച്ചും അറസ്റ്റ് ചെയ്യാം എന്നാണ്. ഇത് കേന്ദ്ര നിയമത്തിന് എതിരാണ്. സെക്ഷന്‍ 69.9 ഭേദഗതി പ്രകാരം എതെങ്കിലും ഒരു വെക്തിയെ അയാള്‍ ഏതെങ്കിലും വനം ഉല്‍പ്പന്നം കയ്യില്‍ വെച്ചു എന്നകുറ്റം പറഞ്ഞ് അറസ്റ്റ് ചെയ്താല്‍ അയാള്‍ ആ ഉല്‍പ്പന്നം കൈയ്യില്‍ വച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണ് എന്നും അയാള്‍ കുറ്റം ചെയ്തു കഴിഞ്ഞു എന്നു കരുതാവുന്നതാണ് എന്നും അതങ്ങനെയല്ല എന്ന് തെളിയിക്കേണ്ടത് അറസ്റ്റ് ചെയ്യപ്പെട്ട ആളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞിരിക്കുന്നു. കുറ്റം തെളിയിക്കുന്നതുവരെ എല്ലാവരും നിരപരാധികളാണ് എന്ന അടിസ്ഥാന തത്വത്തിന് എതിരാണ് ഇത്.
സെക്ഷന്‍ 72.2 ഭേദഗതിപ്രകാരം റേഞ്ച് വനം ഓഫീസര്‍ക്കോ അതിനു മുകളിലുള്ള ഏതൊരു ഉദ്യോഗസ്ഥനും ഏതെങ്കിലും ഒരു ഉല്‍പ്പന്നം വന ഉല്‍പ്പന്നമാണോ എന്ന് സര്‍ട്ടിഫൈ ചെയ്യാനുള്ള അധികാരം നല്‍കിയിരിക്കുന്നു.
നാട്ടുകാര്‍ സ്വന്തം പറമ്പിലെ മരം വെട്ടി ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ വഴിയില്‍ വച്ച് വാഹനം പിടിച്ചെടുത്തു ഇത് വനത്തില്‍ നിന്ന് വെട്ടിയ മരമാണ് എന്ന് പറഞ്ഞു റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി കേസ് ചാര്‍ജ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റത്തില്‍ പ്രതികളാകും എന്ന സാഹചര്യമാണ് ഉണ്ടാവുന്നത്. തേന്‍ ഉള്‍പ്പെടെ വനത്തിലും നാട്ടിലും ഉണ്ടാകുന്ന വിഭവങ്ങളുടെ കാര്യത്തിലും ഇത് ഉണ്ടാകാനിടയുണ്ട്. ഒരു ഉല്‍പ്പെന്നം ഫോറസ്റ്റ് ഉല്‍പ്പെന്നമാണോ എന്നുള്ളത് ശാസ്ത്രീയമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തെളിയിക്കപ്പെടേണ്ട ഒന്നാണ്. സെക്ഷന്‍ 72.2 ഭേദഗതി പൂര്‍ണ്ണമായി റദ്ദ് ചെയ്യുക.
സെക്ഷന്‍ 2 ല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്ന നിര്‍വ്വചനത്തിലേക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ട്രൈബല്‍ വാച്ചര്‍, വാച്ചര്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എസ്.സി വഴി നിയമനം നേടിയവര്‍ ആണെങ്കിലും വാച്ചര്‍, ട്രൈബല്‍ വാച്ചര്‍ എന്നിവരില്‍ ബഹുഭൂരിഭാഗവും പി.എസ്.സി വഴി അല്ലാതെ താല്‍ക്കാലിക നിയമനം നേടിയവരാണ്.
അത്തരക്കാരെ ഫോറസ്റ്റ് ഓഫീസര്‍മാരായി കണക്കാക്കുന്നത് അംഗീകരിക്കാനാവില്ല. പി.എസ്.സി വഴി സ്ഥിര നിയമനം നേടി കൃത്യമായ പരിശീലനം നേടിയവരെ മാത്രമേ ഫോറസ്റ്റ് ഓഫീസര്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. ആയതുകെണ്ട് വാച്ചര്‍, ട്രൈബല്‍ വാച്ചര്‍ എന്നിവരെ വനം ഓഫീസര്‍ എന്ന നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കുക. 27, 62 മുതലായ സെഷനുകള്‍ പ്രകാരമുള്ള വിവിധ കുറ്റ കൃത്യങ്ങള്‍ക്കുള്ള പിഴത്തുക അഞ്ചും പത്തും ഇരട്ടിവര്‍ദ്ധിപ്പിച്ചപ്പോള്‍ സെക്ഷന്‍ 65 പ്രകാരം തെറ്റായ അറസ്റ്റും പിടിച്ചെടുക്കലും നടത്തുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള പിഴ തുക 200 രൂപയില്‍ നിജപ്പെടുത്തിയിരിക്കുന്നു.
ജനങ്ങളെ പലതരത്തില്‍ ബാധിക്കാനിടയുള്ള കേരള വനം നിയമ ഭേദഗതി 2024 പുനഃപരിശോധിക്കണമെന്നാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.