മിഡ് കപാസിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കൊടുങ്കാറ്റഴിച്ച് വിട്ടിരിക്കുകയാണ് ആഗോള ഭീമന്‍മാരായ ട്രയംഫും ഹാര്‍ലി ഡേവിഡ്‌സണും. ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ പുതിയ 400 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിച്ച് ഇരുബ്രാന്‍ഡുകളും ലക്ഷ്യം വെക്കുന്നത് റോയല്‍ എന്‍ഫീല്‍ഡിന്‍റെ സിംഹാസനമാണ്. എന്നാല്‍ ഐതിഹാസിക ബ്രാന്‍ഡും ഇവര്‍ക്കെതിരെയുള്ള ബ്രഹ്‌മാസ്ത്രങ്ങള്‍ ആവനാഴിയില്‍ രാകിമിനുക്കി വെച്ചിരിക്കുകയാണ്. കൂടുതല്‍ ആധുനികമായ എന്‍ഫീല്‍ഡിന്‍റെ ജെ- പ്ലാറ്റ്ഫോമിലേക്കുള്ള മാറ്റമാണ് ഏറ്റവും സുപ്രധാനമായ അപ്ഡേറ്റ്. ക്ലാസിക്, മീറ്റിയോര്‍, ഹണ്ടര്‍ 350 മേട്ടോര്‍സൈക്കിളുകളില്‍ സേവനമനുഷ്ടിക്കുന്ന വളരെ സുഗമമായ 349 സിസി എഞ്ചിന്‍ മികച്ച അഭിപ്രായം നേടിയിരുന്നു. 2010 മുതല്‍ ബുള്ളറ്റ് 350-ല്‍ ഡ്യൂട്ടി ചെയ്യുന്ന 346 സിസി യുസിഇ മോട്ടോറിന് പകരം 349 സിസി ജെ-പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ ബൈക്ക് വരിക.
പഴയ യുസിഇ മോട്ടോര്‍ ഉപയോഗിക്കുന്ന അവസാന ബൈക്കാണ് നിലവിലെ ബുള്ളറ്റ് 350. ഔട്ട്പുട്ട് കണക്കുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുതിയ ബുള്ളറ്റ് 350 മറ്റെല്ലാ ജെ-പ്ലാറ്റ്ഫോം മോഡലുകളേയും പോലെ ഏകദേശം 20hp പവറും 27Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുക. 350 സിസി സഹോദരന്‍മാരിലെ അതേ എഞ്ചിന്‍ ആണെങ്കിലും ബുള്ളറ്റിലേക്ക് വരുമ്പോള്‍ ട്യൂണിംഗില്‍ മാറ്റമുണ്ടാകും. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ന്റെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റം വരുത്തില്ല. പുതുതലമുറ ബുള്ളറ്റും ക്ലാസിക് 350-യും തമ്മില്‍ ഏറെ സാമ്യതകള്‍ ഉണ്ടായിരിക്കും. ഷാസിയും എഞ്ചിനും ഒരുപോലെ ആയിരിക്കുമെങ്കിലും ഡിസൈനില്‍ മാത്രമായിരിക്കും വ്യത്യാസം. പുതിയ ബോഡി പാനലുകള്‍ ക്ലാസിക് 350-യില്‍ ചെയ്തതുപോലെ തന്നെ ഏറെക്കുറെ സമാനമായി കാണപ്പെടും.
സിംഗിള്‍ പീസ് സീറ്റും വൃത്താകൃതിയിലുള്ള ഹാലൊജന്‍ ഹെഡ്ലാമ്പും ചതുരാകൃതിയിലുള്ള ബാറ്ററി ബോക്‌സും ഉണ്ടായിരിക്കും. എന്നാല്‍ ഹെഡ്‌ലൈറ്റിന് മുകളിലുള്ള ഹുഡ് ഉണ്ടായിരിക്കില്ല. നേരത്തെ പുറത്തുവിട്ടിരുന്ന ടീസറില്‍ കണ്ടപോലെ ഫ്യുവല്‍ ടാങ്കിലും സൈഡ് പാനലുകളിലും പരമ്പരാഗതമായ കൈകൊണ്ട് വരച്ച പിന്‍സ്ട്രിപ്പ്‌സ് ഉണ്ടായിരുന്നു. പുതിയ ടെയില്‍ ലാമ്പ് ക്ലാസിക്കില്‍ നിന്ന് കടംകൊള്ളാനാണ് സാധ്യത. ക്ലാസിക് 350-യുടെ ഷാസിയായിരിക്കും ബുള്ളറ്റ് 350 പങ്കിടുക. സസ്പെന്‍ഷനും ബ്രേക്കിംഗ് ഹാര്‍ഡ്വെയറും സമാനമായേക്കും. മുന്‍വശത്ത് 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്സോര്‍ബറുകളും സസ്പെന്‍ഷന്‍ ഡ്യൂട്ടി നിര്‍വഹിക്കും.
ഐതിഹാസിക ബ്രാന്‍ഡ് അവസാനം പുറത്ത്‌വിട്ട ടീസറില്‍ പുതിയ ബുള്ളറ്റിന്റെ എക്സ്ഹോസ്റ്റ് ശ്രവ്യമായിരുന്നു. പുതിയ ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിച്ചെങ്കിലും ഐക്കണിക് സൗണ്ട്ട്രാക്കിന്റെ ഭൂരിഭാഗവും നിലനിര്‍ത്താന്‍ നിര്‍മ്മാതാവിന് കഴിഞ്ഞുവെന്ന് ബുള്ളറ്റ് ആരാധകരെ സന്തോഷിപ്പിക്കും. വിലനിര്‍ണയത്തിലേക്ക് വരുമ്പോള്‍ പുതിയ ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിളിന് ഏകദേശം 10,000 മുതല്‍ 12,000 രൂപ വരെ വില വര്‍ധിപ്പിക്കുമെന്നാണ് സൂചന. എന്നിരുന്നാലും ട്രയംഫ്, ഹാര്‍ലി ബ്രാന്‍ഡുകളില്‍ നിന്ന് ഉയര്‍ന്ന് വന്ന ഭീഷണികളെ ചെറുക്കാന്‍ കമ്പനി വിലയുടെ കാര്യത്തില്‍ ചില നീക്കുപോക്കുകള്‍ നടത്തിയാലും അത്ഭുതപ്പെടാനില്ല.