പൂവാർ : പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾക്ക് പുത്തൻ പ്രതീക്ഷകളുമായി തീരത്ത് ഫിഷിംഗ് ഹാർബർ സ്ഥാപിക്കുന്നു. ഇതിന്റെ പ്രാഥമിക നടപടികൾക്കായി 5 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ നീക്കിവച്ചു. പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഫിഷിംഗ് ഹാർബറുകളിൽ രണ്ടാമനായി പൊഴിയൂർ മാറും.പ്രദേശവാസികളുടെ നീണ്ടകാല സ്വപ്നമാണ് ഏത് കാലാവസ്ഥയിലും വള്ളമിറക്കാൻ കഴിയുന്ന ഒരു ആധുനിക ഫിഷിംഗ് ഹാർബർ. കേരള അതിർത്തിയായ കൊല്ലങ്കോടു മുതൽ പൂവാർ പൊഴിക്കര വരെ ഏകദേശം അരലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷവും ദൂരസ്ഥലങ്ങളിലെ ഫിഷിംഗ് ഹാർബറുകളെ ആശ്രയിച്ചാണ് തൊഴിലെടുക്കുന്നത്.
ബാക്കിവരുന്ന പത്ത് ശതമാനം മത്സ്യത്തൊഴിലാളികൾ മാത്രമാണ് തദ്ദേശീയമായി പരമ്പരാഗത രീതിയിൽ തൊഴിലെടുക്കുന്നത്. വർഷങ്ങൾക്കു മുമ്പ് തമിഴ്നാട് ഭാഗത്ത് കടലിൽ പുലിമുട്ട് നിർമ്മിച്ചതോടെ കൊല്ലങ്കോട് മുതലുള്ള ഒരു കിലോമീറ്ററോളം ദൂരത്ത് കടൽകയറി വള്ളം ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. കൂടാതെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഭാഗമായും ദൂരസ്ഥലങ്ങളിൽ പോയി പണിയെടുക്കേണ്ടിവരുന്നതിനാലും അധിക ചെലവും തൊഴിൽ ദിനങ്ങളിൽ വലിയ നഷ്ടവും സംഭവിക്കുന്നതായും പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.പൊഴിയൂർ തീരം ഫിഷിംഗ് ഹാർബർ നിർമ്മാണത്തിന് അനുയോജ്യമാണെന്നാണ് പ്രാഥമിക പഠനങ്ങൾ വ്യക്തമാക്കുന്നത്.