പത്തനംതിട്ട : സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കണമെന്നും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ വയോജന, ഭിന്നശേഷി സൗഹൃദമായ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട കോളജ് റോഡിലുള്ള മണ്ണില്‍ റീജന്‍സിയുടെ താഴെത്തെ നിലയിലുള്ള പുതിയ ഓഫീസ് വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരേ പോലെ ഗുണം ചെയ്യുന്നതാണ്. മാറ്റം നമ്മുടെ ഓഫീസില്‍ നിന്നാകട്ടെ എന്നതായിരുന്നു ആഗ്രഹം. ജില്ലയിലെ ധാരാളം സര്‍ക്കാര്‍ ഓഫീസുകള്‍ വാടക മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ സ്ഥലം എത്രത്തോളമുണ്ടെന്ന് കണ്ടെത്തുന്നതിനായി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വനിതാ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസ് പത്തനംതിട്ടയില്‍ വരാന്‍ പോവുകയാണ്. ജില്ലയിലെ സ്ത്രീകള്‍ക്ക് കോര്‍പ്പറേഷനില്‍ നിന്ന് ലോണ്‍ എടുക്കുന്നതിന് ഇത് സഹായിക്കും. കുറഞ്ഞ പലിശയില്‍ ലോണ്‍ ലഭ്യമാകും. വനിതാ വികസന കോര്‍പറേഷന്റെ ഹോസ്റ്റല്‍ സംവിധാനം ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സുരക്ഷിതമായ ഒരു ഹോസ്റ്റലായിരിക്കും സാധ്യമാവുകയെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് തസ്‌നിം, സാമൂഹിക നീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം.എസ് ശിവദാസ്, റിട്ട.ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ജാഫര്‍ ഖാന്‍, ഓര്‍ഫനേജ് കൗണ്‍സിലര്‍ സതീഷ് തങ്കച്ചന്‍, ക്ലര്‍ക്ക് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.