തിരുവനന്തപുരം: പുതിയ വൈദ്യുതി ഉത്പാദന പദ്ധതികൾ വേഗത്തിലാക്കാൻ കെ.എസ്.ഇ.ബി. പദ്ധതി നിർവഹണ വിഭാഗം പുനഃസംഘടിപ്പിക്കുന്നു. ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ വിവിധ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 40 മെഗാവാട്ടിന്റെ തോട്ടിയാർ പദ്ധതി 17 വർഷമായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
2009-ൽ ആരംഭിച്ച പള്ളിവാസൽ എക്സ്റ്റൻഷൻ(60 മെഗാവാട്ട്), ചെങ്കുളം ഓഗ്‌മെന്റേഷൻ പദ്ധതി(85 ദശലക്ഷം യൂണിറ്റ്) എന്നിവയൊന്നും എങ്ങുമെത്തിയിട്ടില്ല. 15 വർഷത്തിനിടയിൽ ജലവൈദ്യുത പദ്ധതികളിൽനിന്ന് 192.91 മെഗാവാട്ട് മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. ഈ അവസ്ഥ തുടർന്നാൽ ഊർജ പ്രതിസന്ധിയിലേക്കു നീങ്ങും.
പദ്ധതി നിർവഹണത്തിലെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവും അടിക്കടിയുണ്ടാകുന്ന സ്ഥലംമാറ്റവും പ്രോജക്ട് വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. എൻജിനിയർമാർക്കു മതിയായ സാങ്കേതിക പരിശീലനം ലഭിക്കുന്നില്ലെന്നും കണ്ടെത്തി. സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ രണ്ടായി നിയന്ത്രിക്കപ്പെടുന്നതിനാൽ ഇൻവെസ്റ്റിഗേഷൻ, ഡാം നിർമാണം, ജനറേറ്റർ സ്ഥാപിക്കൽ, മറ്റ് കൺട്രോൾ മെക്കാനിസങ്ങൾ സ്ഥാപിക്കൽ എന്നിവയുടെ ഏകോപനത്തിലും പിഴവുണ്ട്.