തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗങ്ങളാണെങ്കില്‍ മാത്രമേ രണ്ടുപേര്‍ യാത്ര ചെയ്യാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും ഇരട്ട മാസ്ക് ധരിക്കണം. കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ ഒരാളെ മാത്രമേ അനുവദിക്കൂ. നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും. ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണിന് സമാനമായ നിലയിലായിരിക്കും കാര്യങ്ങള്‍. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ. വലിയ സൗകര്യം ഉള്ള ആരാധനാലയങ്ങളില്‍ മാത്രമേ 50 പേര്‍ക്കു പ്രാര്‍ഥന നടത്താന്‍ അനുമതിയുള്ളൂ. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം കുറയ്ക്കണം.
കടകളും ഹോട്ടലുകളും സമയബന്ധിതമായി പ്രവൃത്തിപ്പിക്കാം. ബാങ്കിങ് സമയം രണ്ടുമണിവരെയായി ചുരുക്കാന്‍ ഇടപെടല്‍ നടത്തും. ആശുപത്രിയില്‍ കൂട്ടിരിക്കുന്നവര്‍ ഡോക്ടറോ സ്ഥാപനമോ സ്വയമോ തയാറാക്കുന്ന സത്യവാങ്മൂലം ഹാജരാക്കി അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യാം. മാര്‍ക്കറ്റിലെ കടകള്‍ നിശ്ചിത സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നുണ്ടെന്നു മാര്‍ക്കറ്റ് കമ്മിറ്റികള്‍ ഉറപ്പാക്കണം. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വിസില്‍ ഒതുക്കും. വിമാന, ട്രെയിന്‍ യാത്രക്കാര്‍ക്ക് തടസ്സമുണ്ടാകില്ല. ഓക്സിജന്‍, സാനിറ്റേഷന്‍ നീക്കം തടസ്സമില്ലാതെ അനുവദിക്കും. ഹോട്ടലുകള്‍ക്കു ഹോം ഡെലിവറി മാത്രം നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തും.
വിമാനത്താവളത്തിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും തടസ്സമുണ്ടാകില്ല. ടെലികോം- ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കു തടസ്സമുണ്ടാകില്ല. ബാങ്കുകള്‍ ഓണ്‍ലൈന്‍ ഇടപാട് കൂടുതല്‍ നടത്താന്‍ ശ്രമിക്കണം. ആള്‍ക്കൂട്ടം അനുവദിക്കില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിനു തടസ്സമില്ല. റേഷന്‍ കടകളും സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.