ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ 2023 നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിനെ ടാറ്റ മോട്ടോർസ് ഈ മാസം തുടക്കത്തിൽ വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി. വില പ്രഖ്യാപനത്തിനായി മാത്രം മറ്റൊരു ദിവസം കണ്ടെത്തിയ കമ്പനി പ്രൈസിംഗിന്റെ കാര്യത്തിൽ എതിരാളികളായ മാരുതി സുസുക്കിയെയും ഹ്യുണ്ടായിയെയും എല്ലാം ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ. രണ്ട് ദിവസം മുമ്പ് ബേസ് വേരിയന്റിന്റെ വില പുറത്തുവന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ തന്നെ അത് കൃത്യമായ വിലകൾ അല്ലെന്ന വിശദീകരണവുമായി ടാറ്റ മോട്ടോർസ് രംഗത്തെത്തിയിരുന്നു. നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്നത് 8.10 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെയാകും. അതായത് മാരുതി ബ്രെസയേക്കാൾ കുറഞ്ഞ വിലയിൽ നെക്സോണിന്റെ പുതിയ മോഡൽ വാങ്ങാമെന്ന് സാരം.
തീപാറുന്ന പ്രൈസിംഗ് കണ്ട് മാരുതിയുടെ കിളിപോവുമെന്ന് ഉറപ്പാണ്. അങ്ങനെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവി വീണ്ടും തിരിച്ചുപിടിക്കാൻ നെക്സോൺ വീണ്ടും സജീവമാവുകയാണ്. ഫിയർലെസ്, ക്രിയേറ്റീവ്, പ്യുവർ, സ്മാർട്ട് എന്നിങ്ങനെ വേരിയന്റ് നിരയും പൊളിച്ചെഴുതിക്കൊണ്ടാണ് കോംപാക്‌ട് എസ്‌യുവിയുടെ വരവ്. നേരത്തെ കണ്ടതും മനസിലാക്കിയതും പോലെ തന്നെ അകത്തും പുറത്തും സമൂലമായ മാറ്റങ്ങളാണ് ടാറ്റ കൊണ്ടുവന്നിരിക്കുന്നത്. ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈൻ കർവ് കൺസെപ്റ്റ് കാറിൽ നിന്നും കടമെടുത്തതാണ്. മുൻവശത്ത് ഇപ്പോൾ സ്‌ലീക്കർ എൽഇഡി ഡിആർഎല്ലുകളും ലംബമായി ക്രമീകരിച്ച എൽഇഡി ഹെഡ്‌ലൈറ്റുകളും പുത്തൻ ബമ്പറുമെല്ലാം സ്‌പോർട്ടി അപ്പീലാണ് എസ്‌യുവിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് ഇപ്പോൾ മുകളിലായി ഇടംപിടിച്ചപ്പോൾ പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റ് ബമ്പറിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന എയ്‌റോ വീലുകളോട് സാമ്യമുള്ള പുതിയ അലോയ് വീലുകളാണ് പുതിയ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് ചേക്കേറിയെത്തിയിരിക്കുന്നത്. ഇതിനു പുറമെ വശക്കാഴ്ച്ച മുൻഗാമിക്ക് സമാനമായി തന്നെ കാണാനാവും. പിൻവശത്തേക്ക് നോക്കിയാൽ ലൈറ്റിംഗ് വിഭാഗത്തിന്റെ കാര്യത്തിൽ വലിയ മാറ്റമുണ്ട്. പണ്ട് പലരും വിമർശിച്ച റിയർ സ്റ്റൈലിംഗ് കുറച്ചുകൂടി മികവുറ്റതാക്കാൻ ടാറ്റ മോട്ടോർസ് ശ്രമിച്ചിട്ടുണ്ട്. സ്ലീക്കർ ടെയിൽ ലാമ്പുകൾ, റിയർ ബമ്പറിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന റിവേഴ്‌സിംഗ് ലൈറ്റുകൾ എന്നിവയെല്ലാം പുതുരൂപം ആവാഹിക്കാൻ സഹായിച്ചിട്ടുണ്ട്. പഴയ നെക്‌സോണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്റീരിയറും വലിയ പരിഷ്ക്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. അകത്തേക്ക് കയറിയാൽ ഏതോ ഒരു പുതിയ എസ്‌യുവിയല്ലേ ഇതെന്ന് വരെ തോന്നിപോയേക്കാം. ഇലുമിനേറ്റഡ് ഫീച്ചറുള്ള ടൂ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീലാണ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തെ വേറിട്ടുനിർത്തുന്നത്.
ഒരു പുതിയ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഹർമനിൽ നിന്നുള്ള മ്യൂസിക് സിസ്റ്റവും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും എല്ലാം യാത്രകൾക്ക് ആഡംബരമേകുകയും ചെയ്യും. 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ, കോ-ഡ്രൈവർ സീറ്റുകൾ, iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ, എയർ പ്യൂരിഫയർ, റിയർ എസി വെന്റുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും ഫീച്ചറുകളുടെ അകമ്പടിയും വണ്ടിയിലുണ്ട്. ഓഡിയോ, ക്രൂയിസ് നിയന്ത്രണങ്ങൾക്കായി ടോഗിളുകളാണ് നൽകിയിരിക്കുന്നത്. കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ആദ്യമായി ഫ്യൂച്ചറിസ്റ്റിക് ടച്ച്-സെൻസിറ്റീവ് പാനൽ ഫീച്ചർ ചെയ്യുന്ന HVAC പാനലിലും സമാനമായ ടോഗിളുകൾ കാണാൻ കഴിയുമെന്നതും ശ്രദ്ധേയം. ടോപ്പ് വേരിയന്റുകളിലെ പർപ്പിൾ അപ്‌ഹോൾസ്റ്ററിയും പുതിയ ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രീമിയം ഫീൽ ഉയർത്തും. ഫിയർലെസ് ട്രിമ്മിൽ മാത്രമാണ് കമ്പനി ഇത് വാഗ്‌ദാനം ചെയ്യുന്നത്.