ദോശയുണ്ടാക്കുമ്പോള്‍ മാവ് ഒട്ടിപ്പിടിക്കുന്നത് വലിയൊരു പ്രശ്നമാണ് പലര്‍ക്കും. ഇതിനുള്ള പരിഹാരവുമായി ഇന്‍സ്റ്റഗ്രാമില്‍ ഒരു വ്ളോഗര്‍ പങ്കുവെച്ച വീഡിയോ ഈയിടെ വൈറലായി. ഇതിനോടകം പതിനായിരക്കണക്കിനാളുകളാണ് ഈ വീഡിയോ കണ്ടത്. ആദ്യം തന്നെ ദോശക്കല്ല് അടുപ്പത്ത് വെയ്ക്കുക. ഇതിലേക്ക് അല്‍പ്പം പൊടിയുപ്പ് വിതറുക. ഇതിലേക്ക് ഒരു കട്ട ഐസ് വെച്ച് നന്നായി ഉരസുക. ഐസ് മുഴുവനായി അലിഞ്ഞു തീരണം. ശേഷം അല്‍പ്പം ഡിഷ് വാഷ് തൂവി, ഒരു സ്ക്രബ്ബര്‍ വെച്ച് നന്നായി ഉരയ്ക്കുക. കല്ല് ഉണങ്ങിയ ശേഷം അല്‍പ്പം എണ്ണ തൂവി, അതിനു മുകളില്‍ പകുതി മുറിച്ച സവാള കൊണ്ട് ഉരയ്ക്കുക. ശേഷം കല്ല് നന്നായി കഴുകി എടുക്കണം. ഇങ്ങനെ ചെയ്ത ശേഷം ദോശ ചുട്ടാല്‍, അടിയില്‍ പിടിക്കാതെ കിട്ടുമെന്ന് വീഡിയോയില്‍ പറയുന്നു.
ദോശക്കല്ല് വൃത്തിയാക്കുമ്പോള്‍
ദോശക്കല്ല് വര്‍ഷങ്ങളോളം ഉപയോഗിക്കാനായി അത് നല്ല രീതിയില്‍ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ശരിക്ക് സൂക്ഷിച്ചില്ലെങ്കില്‍ മാവ് പറ്റിപ്പിടിക്കാനും തുരുമ്പ് വരാനുമെല്ലാം സാധ്യതയുണ്ട്. ഇരുമ്പ് കൊണ്ടുള്ള ദോശക്കല്ല് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
* കല്ല് ഉപയോഗത്തിന് ശേഷം ഉടൻ വൃത്തിയാക്കുക. കൂടുതൽ സമയം കാത്തിരിക്കുമ്പോള്‍ ഭക്ഷണ അവശിഷ്ടങ്ങളും മാവുമെല്ലാം ഉണങ്ങിപ്പിടിക്കാന്‍ കാരണമാകും.
* കഴുകാന്‍ സോപ്പ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പാകം ചെയ്ത ഉടനെ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആവശ്യമെങ്കിൽ മൃദുവായ സ്‌ക്രബ്ബറോ സ്‌പോഞ്ചോ തുണിയോ ഉപയോഗിക്കുക.
* പറ്റിപ്പിടിച്ച അവശിഷ്ടങ്ങള്‍ പോകുന്നില്ലെങ്കില്‍ ഉപ്പ് ഉപയോഗിച്ച് ഉരയ്ക്കുക.
* വൃത്തിയാക്കിയ ശേഷം നന്നായി ഉണക്കി എടുതുവയ്ക്കുക. ഉണങ്ങിയ ശേഷം, കല്ലില്‍ അല്‍പ്പം വെജിറ്റബിൾ ഓയിൽ പുരട്ടി ചെറുതായി ചൂടാക്കിയ ശേഷം എടുത്തു വയ്ക്കുക. ഇത് തുരുമ്പിനെ തടയുകയും കല്ലിന്‍റെ പുറമെയുള്ള പാളി സംരക്ഷിക്കുകയും ചെയ്യും.
* ഇവ കൂടാതെ പുളിയുള്ള വസ്തുക്കള്‍ പാകം ചെയ്യാന്‍ ദോശക്കല്ല് ഉപയോഗിക്കാതിരിക്കുക. മാത്രമല്ല, വേവിക്കാനായി ഒന്നും വെക്കാതെ, അമിതമായ തീയില്‍ അധികനേരം ചൂടാക്കുന്നത് ഒഴിവാക്കുക എന്നതും ശ്രദ്ധിക്കുക.