ആലപ്പുഴ : ശാസ്ത്രലോകത്തേക്ക് കേരളത്തില്‍നിന്ന് പുതിയ മീന്‍ കൂടി. കാസര്‍കോടുള്ള അരുവിയിലാണ് ഈ ശുദ്ധജല മത്സ്യത്തെ കണ്ടെത്തിയത്. ഓസ്റ്റീയോ കീലികെത്യസ് ഫോര്‍മോസസ് എന്നാണ് ശാസ്ത്രീയ നാമം. അന്തര്‍ദേശീയ പ്രസിദ്ധീകരണമായ ബയോസയന്‍സ് റിസേര്‍ച്ചിന്‍റെ പുതിയ ലക്കത്തില്‍ ഈ വിവരം പ്രസിദ്ധീകരിച്ചു. ഫോര്‍മോസസ് എന്ന ലാറ്റിന്‍ വാക്കിന് മനോഹരമായത് എന്നര്‍ത്ഥം. കോട്ടയം ഗവണ്‍മെന്‍റ് കോളേജിലെ സുവോളജി വിഭാഗം തലവനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മാത്യൂസ് പ്ലാമൂട്ടിലും ഗവേഷണ സഹായി വിനീതും ചേര്‍ന്നാണ് മത്സ്യത്തെ കണ്ടെത്തിയത്.
നീണ്ടുപരന്ന ശരീരഘടനയുള്ള മത്സ്യത്തിന് വെള്ളി നിറവും ചിറകുകള്‍ക്ക് ചുവപ്പു നിറവുമാണ്. മുതുകുചിറകിലും പിന്‍ ചിറകിലും പാര്‍ശ്വങ്ങളുടെ മധ്യഭാഗത്തും കറുത്ത വരയുണ്ട്. പാര്‍ശ്വരേഖയുടെ മുകളിലായി 6.5 ശല്‍ക്കങ്ങളും താഴെ 4.5 ശല്‍ക്കങ്ങളും ഉണ്ട്. ഡോ. മാത്യൂസിന്റെ നേതൃത്വത്തില്‍ കൊല്ലം ചവറ ഗവണ്‍മെന്‍റ് കോളേജില്‍ നടക്കുന്ന ഗവേഷണ പ്രൊജക്ടിന്‍റെ ഭാഗമായുള്ള പഠനങ്ങളാണ് പുതിയ മത്സ്യത്തിന്‍റെ കണ്ടെത്തലിന് ഇടയാക്കിയത്.