പത്തനംതിട്ട : വൈദ്യുതി ഉത്പാദനത്തിന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. ജില്ലയിലെ വൈദ്യുതി അദാലത്ത് പത്തനംതിട്ട മേരി മാതാ പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഊര്‍ജോത്പാദന രംഗത്ത് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും. ആവശ്യമുള്ള വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. രണ്ടാം പവര്‍ഹൗസ് ഇടുക്കിയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ട്. സൗരോര്‍ജ രംഗത്ത് നമ്മള്‍ പ്രാപ്തരാകണം. വൈദ്യുതി വിതരണരംഗം ശക്തിപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരം സമ്പൂര്‍ണ വൈദ്യുതീകരണം നടത്തും. ലോഡ് ഷെഡിംഗും പവര്‍ കട്ടും ഇല്ലാതാക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്.
കേരളത്തെ ദുരന്തത്തിലാഴ്ത്തിയ ഓഖിയും പ്രളയവും വൈദ്യുതി വകുപ്പിന് കോടികളുടെ നഷ്ടമുണ്ടാക്കി. ഓഖി ദുരന്ത പ്രദേശങ്ങളില്‍ നാലു ദിവസം കൊണ്ട് വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു. പ്രളയത്തില്‍ 820 കോടി രൂപയുടെ നഷ്ടം വൈദ്യുതി വകുപ്പിനുണ്ടായി. 6000 കിലോമീറ്റര്‍ ദൂരത്തിലുള്ള വൈദ്യുതി ലൈന്‍ വിഛേദിക്കപ്പെട്ടു. 19 പവര്‍ഹൗസുകള്‍ കല്ലും മണ്ണും കേറി പ്രവര്‍ത്തനരഹിതമായി. നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും 10 ദിവസം കൊണ്ട് വൈദ്യുതി വകുപ്പ് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നമുക്ക് സഹായം ലഭിച്ചു. 13-ാമത്തെ വൈദ്യുതി അദാലത്താണ് പത്തനംതിട്ടയിലേത്. നിരവധി പരാതികള്‍ പരിഹരിക്കാന്‍ അദാലത്തിലൂടെ കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അങ്ങേയറ്റം മതിപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ പി.കെ. ജേക്കബ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വിക്ടര്‍ ടി. തോമസ്, വാളകം ജോണ്‍, ഷാഹുല്‍ ഹമീദ്, വി.പി.എബ്രഹാം, കെ.എസ്.ഇ.ബി. ലിമിറ്റഡ് സി.എം.ഡി. എന്‍.എസ്. പിള്ള, കെ.എസ്.ഇ.ബി. ലിമിറ്റഡ് ഡയറക്ടര്‍ പി. കുമാരന്‍, ദക്ഷിണമേഖല ചീഫ് എന്‍ജിനീയര്‍ എസ്. രാജ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.