അലഹബാദ് : പൗരത്വ വിരുദ്ധ സമരത്തിനിടെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എ.എം.യു) വിദ്യാർഥികളെ മർദ്ദിക്കുകയും മോട്ടോർ സൈക്കിളുകൾ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പോലീസുകാർക്കെതിരെ നടപടിയെടുക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് ഡി.ജി.പിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമത്തില്‍ പങ്കാളികളായ പോലീസുകാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടലുണ്ടായത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻ.എച്ച്.ആർ.സി) ശുപാർശകളില്‍മേലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. എൻ.എച്ച്.ആർ.സിയുടെ റിപ്പോർട്ടുകൾ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സമിത് ഗോപാലും സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. മുഹമ്മദ് അക്രം ഖാൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ കഴിഞ്ഞ മാസം ഹൈക്കോടതി എൻ.എച്ച്.ആർ.സിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന് ശേഷം ചട്ടങ്ങളും വ്യവസ്ഥകളും അനുസരിച്ച് അക്രമങ്ങളുടെ ഭാഗമായ പോലീസുകാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എൻ.എച്ച്.ആർ.സി ശുപാർശ ചെയ്തിരുന്നു.
“പോലീസ് സേനയെ കൂടുതല്‍ സംവേദനക്ഷമമാക്കണം. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രൊഫഷണലിസം വളർത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കണം” റിപ്പോർട്ടിൽ പറയുന്നു. അക്രമ സംഭവങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ആറ് വിദ്യാര്‍ഥികള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും എൻ.എച്ച്.ആർ.സി ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.