ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വേഗത്തിൽ കടന്നു പോവുകയാണ്. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് പുതിയ വർഷം ഇങ്ങെത്തും. പുതുവർഷം എവിടെ ആഘോഷിക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും ആളുകൾ പ്ലാൻ ചെയ്തു തുടങ്ങിക്കഴിഞ്ഞു. രാജ്യത്തിനുള്ളിൽ തന്നെയാണ് നിങ്ങളുടെ ആഘോഷമെങ്കിൽ കുളിരു നിറഞ്ഞ ഒരിടം ഇതാ പുതുവർഷ ആഘോഷങ്ങൾക്കായി കാത്തിരിക്കുന്നുണ്ട്. നാഷണൽ ജിയോഗ്രഫിക്സ് ഈ അടുത്തിടെ നടത്തിയ പുതുവർഷത്തിൽ സന്ദർശിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിൽ ഒരെണ്ണം നമ്മുടെ ഇന്ത്യയില്‍ നിന്നുമാണ്. ലോകമെമ്പാടുമുള്ള 30 ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിം ഇന്ത്യയുടെ അഭിമാനം ഉയർത്തി. പുതുവർഷം എവിടെ ആഘോഷിക്കണം എന്ന ചോദ്യത്തിനുത്തവരുമായി നിൽത്തുന്ന സിക്കിം എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്.
The The Cool List 2024- കൂൾ ലിസ്റ്റ് 2024 ൽ അഞ്ച് ഭൂഖണ്ഡങ്ങളിലായി കിടക്കുന്ന സ്ഥലങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിൽ തന്നെ ഏഷ്യയിലെ സ്ഥലങ്ങളിൽ ആണ് സിക്കിം തിരഞ്ഞെടുക്കപ്പെട്ടത്. പട്ടികയിലെ ഏറിയ സ്ഥലങ്ങളും യൂറോപ്പിൽ നിന്നാണെങ്കിലും അഭിമാനമായി സിക്കിം നിൽക്കുന്നു. തായ്‌വാനിലെ ടൈനാനും ചൈനയിലെ സി-ആനും ഒപ്പമാണ് ഏഷ്യയിലെ ഇടങ്ങളില്‍ സിക്കിം തിരഞ്ഞടുക്കപ്പെട്ടത് എന്നത് അവിശ്വസനീയമായ നേട്ടമാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ സിക്കിം അതിന്റെ മനോഹരമായ ഭൂപ്രകൃതിയാലും കാലാവസ്ഥയാലും സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. നേപ്പാൾ, ഭൂട്ടാൻ, ടിബറ്റ് എന്നീ രാജ്യങ്ങളോട് ചേർന്നു കിടക്കുന്ന സിക്കിം ഒരു സംസ്ഥാനമായി മാറിയത് 1975 ൽ ആണ്. അത്രയും നാള്‍ ഒരു രാജ്യമായാണ് സിക്കിം നിലനിന്നത്. 2018 ൽ ആണ് സിക്കിമിന് ആദ്യമായി ഒരു വിമാനത്താവളം ലഭിച്ചത്
കാഞ്ചൻജംഗ പർവതനിരകൾ, ഉയർന്ന ഉയരത്തിലുള്ള തടാകങ്ങൾ, പുരാതന ആശ്രമങ്ങൾ, മനോഹരമായ ഗ്രാമങ്ങൾ എന്നിങ്ങനെ കണ്ടറിയുവാൻ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്. ഇവിടുത്തെ ദേശീയോദ്യാനങ്ങൾ അതുല്യമായ ജൈവവൈവിധ്യത്തിനും പ്രസിദ്ധമാണ്. ജനസംഖ്യയിലും വലുപ്പത്തിലും സിക്കിം പിന്നിലാണെങ്കിലും ഭംഗിയിൽ സിക്കിമിനെ വെല്ലാൻ വേറൊരു സ്ഥലമില്ല. വൃത്തിയുടെയും ശുചിത്വത്തിന്‍റെയും കാര്യത്തിലും സിക്കിം വേറെ ലെവൽ ആണെന്നു തന്നെ പറയേണ്ടിവരും. ചൊലാമു ലേക്ക്, യംതാങ് വാലി, ഗുരുഡോങ്മാര്‍ ലേക്ക്, ലാചെൻ, കാഞ്ചന്‍ജംഗ നാഷണല്‍ പാര്‍ക്ക്, പെല്ലിങ്,ഗാങ്ടോക് തുടങ്ങിയവ സിക്കിമിൽ കാണേണ്ട സ്ഥലങ്ങളാണ്.