കൊല്ലം : കല്ലുവാതുക്കല്‍ ഊഴയ്ക്കോട് നവജാത ശിശുവിനെ മാതാവ് ഉപേക്ഷിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതുടര്‍ന്ന് ജീവനൊടുക്കിയ ബന്ധുവായ ആര്യക്ക് പ്രതി രേഷ്മയുടെ മൊബൈല്‍ ചാറ്റിങ്ങിനെക്കുറിച്ച് അറിയാമായിരുന്നു എന്നാണ് വിവരം.
രേഷ്മയുടെ ഫേസ്ബുക്ക് ഐ.ഡിയുടെ പാസ്‌വേഡ് തനിക്കറിയാമെന്നും അതുപയോഗിച്ച് താന്‍ രേഷ്മയുടെ ചാറ്റിങ് നോക്കിയിരുന്നെന്നും ആര്യ ഭര്‍ത്താവിനോട് വളരെ മുമ്പ് പറഞ്ഞിരുന്നു. പലരുമായും രേഷ്മ ഇത്തരത്തില്‍ ചറ്റിങ്ങ് നടത്തിയ വിവരവും ആര്യ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്ന് ഭര്‍ത്താവ് ആര്യയെ ഉപദേശിച്ചിരുന്നു. ആര്യക്ക് പാസ്‌വേഡ് അറിയാവുന്നതുകൊണ്ട് അടുത്ത സൗഹൃദമുണ്ടായിരുന്ന ബന്ധുവായ ഗ്രീഷ്മയുമായും ഈ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു എന്നാണ് വിവരം. അതാണ് ഒരുമിച്ച് ജീവനൊടുക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
അതേസമയം മരണത്തിന് തൊട്ടുമുമ്പ് ആര്യ എഴുതിവെച്ച കത്തില്‍ രേഷ്മ തന്നോട് വഞ്ചന കാട്ടിയതായി സൂചിപ്പിക്കുന്നുണ്ട്. എന്തടിസ്ഥാനത്തിലാണ് ആര്യ ഇങ്ങനെ എഴുതിയതെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. രേഷ്മയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.
ഗ്രീഷ്മയുടെ മരണത്തെക്കുറിച്ച് മാതാവിനെയും സഹോദരിയെയും ഇനിയും അറിയിച്ചിട്ടില്ല. വിദേശത്തുള്ള പിതാവ് തിങ്കളാഴ്ച രാവിലെ നാട്ടിലെത്തും. അതിനു ശേഷമേ മാതാവിനെയും സഹോദരിയെയും മരണവിവരം അറിയിക്കുകയുള്ളൂ. പിതാവ് എത്തിയശേഷം രാവിലെ 10 മണിയോടെ മൃതദേഹം സംസ്കരിക്കും. വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഞായറാഴ്ച ആര്യയുടെ വീട്ടിലെത്തിയിരുന്നു.